ആലപ്പുഴ : രാജ്യത്തെ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്.സ്വാമിനാഥന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ കർഷക കൂട്ടായ്മ 23ന് നടക്കും. എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരള കാർഷിക സർവകലാശാലയുടെ സഹകരണത്തോടെയാണ് 'നൂറുമേനി നന്ദി' എന്ന പേരിൽ കർഷക കൂട്ടായ്മ ഒരുക്കുന്നത്. കുട്ടനാടിനും അവിടുത്തെ കാർഷിക മേഖലയ്ക്കും ഡോ. സ്വാമിനാഥൻ നൽകിയ സംഭാവനകൾ അനുസ്മരിക്കുന്ന ചടങ്ങിൽ കുട്ടനാടിനു വേണ്ടി സ്വാമിനാഥൻ ഫൗണ്ടേഷൻ തയാറാക്കുന്ന സുസ്ഥിര വികസനപദ്ധതികൾ അവതരിപ്പിക്കും
മങ്കൊമ്പിലെ എം.എസ്.സ്വാമിനാഥൻ നെല്ലുഗവേഷണ ക്രേന്ദത്തിൽ വെകിട്ട് 4ന് കൊടിക്കുന്നിൽ സുരേഷ് എം.പി കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കുട്ടനാടിനുള്ള ഐക്യരാഷ്ട്രസഭയുടെ 'രാജ്യാന്തര പ്രാധാന്യമുള്ള കാർഷിക പൈതൃക വ്യവസ്ഥ' എന്ന അംഗീകാരം മന്ത്രി പി.പ്രസാദിന് സ്വാമിനാഥൻ ഫൗണ്ടേഷൻ ചെയർപേഴ്‌സൻ ഡോ. സൗമ്യ സ്വാമിനാഥൻ കൈമാറും. കർഷകർക്കും കാർഷിക ശാസ്ത്രജ്ഞർക്കും മറ്റുള്ളവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ വൈകിട്ട് 5വരെയാണ് കർഷക കൂട്ടായ്മ രജിസ്ട്രേഷൻ. ഫോൺ: 9544225577
പ്രഖ്യാപനത്തിൽ ഒതുങ്ങി നെല്ല് ഗവേഷണ കേന്ദ്രം
കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളുടെ കാർഷിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം എം.എസ്. സ്വാമിനാഥന്റെ പേരിൽ ഒതുങ്ങി. 2023 നവംബർർ 17ന് മന്ത്രി പ്രഖ്യാപനം നടത്തിയ ഗവേഷണ കേന്ദ്രത്തിൽ ഒരു തരത്തിലുള്ള അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് കർഷകരുടെ ആക്ഷേപം. നിലവിലുണ്ടായിരുന്ന നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ പേരുമാത്രമാണ് മാറ്റിയിട്ടുള്ളത്.
കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം.എസ്. സ്വാമിനാഥന്റെ ജന്മനാടുകൂടിയാണ് കുട്ടനാട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ 1940ലാണ് നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പിൽ സ്ഥാപിതമാകുന്നത്. 1972ൽ കാർഷിക സർവകലാശാല രൂപീകൃതമായതോടെ പ്രവർത്തനം സർവകലാശാലയുടെ കീഴിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |