കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലകളിലെ വോട്ടുബാങ്കിൽ സ്വാധീനം ചെലുത്തുമായിരുന്ന വനനിയമഭേദഗതി ഉപേക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഇടതു മുന്നണി. പ്രത്യേകിച്ച് പ്രധാന ഘടകകക്ഷിയായ കേരളാകോൺഗ്രസ് എം .
ചില നേതാക്കൾ മാണി ഗ്രൂപ്പിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച സാഹചര്യത്തിൽ മുന്നണി മാറ്റം മാദ്ധ്യമചർച്ചയായി ഉയർന്നിരുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനെതിരെ ഉയർന്ന ജനരോഷവും വനനിയമഭേദഗതി വിഷയവും മാണിഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിൽക്കകള്ളിയില്ലാതെ വന്നതോടെയാണ് ചെയർമാൻ ജോസ് കെ മാണി നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് ഭേദഗതി പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഈ വർഷം അവസാനത്തോടെ നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്തുമായിരുന്ന വിഷയമായിരുന്നു വനനിയമ ഭേദഗതി. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിനെതിരെ ജനരോഷം ഇരമ്പി നിൽക്കുന്നതിനിടയിലായിരുന്നു വനനിയമഭേദഗതി കരട് ഇറങ്ങിയത്. കുറ്റവാളികളെന്നു സംശയിക്കുന്നവരെ താഴേക്കിടയിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർക്കു വരെഅറസ്റ്റ് വാറണ്ടില്ലാതെ തടങ്കലിലാക്കാൻ അധികാരം നൽകുന്ന ഭേദഗതിക്കെതിരെ മാണി ഗ്രൂപ്പിനൊപ്പം വിവിധ ക്രൈസ്തവമതമേലദ്ധ്യക്ഷന്മാരും രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മലയോര ജാഥയും പ്രഖ്യാപിച്ചതിനിടയിലായിരുന്നു വനനിയമഭേദഗതി സർക്കാർ ഉപേക്ഷിച്ചത്.
വനനിയമഭേദഗതിക്കെതിരെ പ്രത്യക്ഷ സമരം ആരംഭിക്കാൻ കേരളാകോൺഗ്രസ് എം ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സർക്കാർ വനനിയമഭേദഗതി ഉപേക്ഷിച്ചത് സമരത്തിൽ നിന്ന് തലയൂരാനും അണികളെ തൃപ്തരാക്കാനും മാണി വിഭാഗത്തിന് സഹായകമായതിനൊപ്പം തങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടെന്ന് ക്രൈസ്‌തവ വോട്ടു ബാങ്കിനെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞെന്ന ആശ്വാസത്തിലാണ് പാർട്ടി നേതൃത്വം
വന നിയമ ഭേദഗതി പിൻവലിച്ചത് കേരളാ കോൺഗ്രസ്എമ്മിന്റെ പോരാട്ട വിജയമാണ്. പാർട്ടി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയയനെ നേരിൽ കണ്ട് വനനിയമ ഭേദഗതി നിർദ്ദേശങ്ങളിലെ ആശങ്കകൾ അറിയിച്ചിരുന്നു. ഇടതു സർക്കാരിന്റെ അന്തസാർന്ന തീരുമാനമാണിത്.
ജോസ് കെ മാണി
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |