മുഹമ്മ: മണ്ണഞ്ചേരിയിൽ കുറുവ സംഘത്തിന്റെ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തിരിച്ചിലിൽ, തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപ്പുള്ളികളായ രണ്ട് പേരെ മണ്ണഞ്ചേരി പൊലീസ് ഇടുക്കിയിൽ നിന്ന് പിടികൂടി. കമ്പം അൻകൂർപാളയം രാമലിംഗം വാർഡ് 30ൽ ആർ.കുറുപ്പയ്യ (40), സഹോദരൻ ആർ.നാഗയ്യൻ(57) എന്നിവരാണ് പിടിയിലായത്. ഇവർ ഇടുക്കി രാജകുമാരി കുരുവിള സിറ്റിയിൽ ഒളിവിൽ താമസിച്ച് വരുകയായിരുന്നു. തേനിയിലെ മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇവർ ഇടുക്കിയിൽ പേരുമാറി കുടുംബമായി താമസിച്ചുവരികയായിരുന്നു. പത്ത് വർഷം മുമ്പ് കായംകുളം, പുന്നപ്ര സ്റ്റേഷനുകളിൽ ഇവർ പ്രതികളായി കേസുണ്ടെങ്കിലും ജാമ്യത്തിലാണ്. മണ്ണഞ്ചേരിയിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് കുറുവ സംഘത്തിലെ പ്രധാനി സന്തോഷ് ശെൽവനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ഇയാളുടെ കൂട്ടുപ്രതിയെ കണ്ടെത്താൻ എസ്.ഐ കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലും കേരളത്തിലുമായി വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർക്ക് മണ്ണഞ്ചേരിയിലെ കേസുകളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ പ്രതികളെ തമിഴ്‌നാട് പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |