കഴക്കൂട്ടം: കരിച്ചാറയിൽ ഷാനുവെന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പിനെത്തിച്ച് മടങ്ങുന്നതിനിടെ പ്രതിക്കുനേരെ കൈയേറ്റശ്രമം.കൊല്ലപ്പെട്ട യുവതിയുടെ സ്ത്രീകളടങ്ങുന്ന ബന്ധുക്കളാണ് പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചത്. പൊലീസ് വളരെ പ്രയാസപ്പെട്ടാണ് ഇയാളെ ബന്ധുക്കളുടെ കൈയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
തിരുനെൽവേലി അമ്പാസമുദ്രം ബ്രഹ്മദേശം മണ്ണാർകോവിൽ സ്വദേശി രംഗ ദുരെയെയാണ് (33) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത് തെളിവെടുപ്പിനെത്തിച്ചത്.
ഇക്കഴിഞ്ഞ 13നാണ് ഷാനുവിനെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ രംഗ ദുരെയെ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് പിടികൂടിയത്.
പ്രതി രക്ഷപ്പെടുന്നതിന് മുൻപ് കരിച്ചാറയിലെ വീടിന്റെ സമീപത്തുള്ള കിണറ്റിൽ എറിഞ്ഞുകളഞ്ഞ ഷാനുവിന്റെ മകളുടെ രണ്ട് മൊബൈൽ ഫോണുകൾ ഫയർഫോഴ്സിന്റെ സഹായത്തോടെ ഇന്നലെ കണ്ടെടുത്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശനന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ മംഗലപുരം എസ്.എച്ച്.ഒ ഹേമന്ത് കുമാർ,മംഗലപുരം എസ്.ഐ രാജീവ്,ഡിവൈ.എസ്.പിയുടെ ക്രൈം ടീം അംഗങ്ങളായ മനോജ്,ബൈജു,പ്രതിപ്,ഡാൻസാഫ് അംഗമായ റിയാസ്,വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ,എസ്.ഐ സുജിത്ത്,ഡാൻസാഫ് അംഗം വിനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |