കൊല്ലം: മാസം പകുതിയായിട്ടും ഭക്ഷ്യധാന്യങ്ങളെത്താതെ റേഷൻകടകൾ കാലിയാകുന്നു. സെപ്തംബറിലെ 50 ശതമാനം തുക സർക്കാർ അനുവദിച്ചെങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിലെ പണം കൂടി കിട്ടാതെ വിതരണം ആരംഭിക്കില്ലെന്ന നിലപാടിലാണ് കരാറുകാർ.
എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻകടകളിലേക്കും ഭക്ഷ്യധാന്യം എത്തിക്കുന്ന ലോറി കരാറുകാർ കൂട്ടത്തോടെ സമരത്തിലാണ്. ഇവർക്ക് സെപ്തംബറിലെ 60 ശതമാനം വിതരണക്കൂലിയും ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ കരാർ തുക പൂർണമായും കിട്ടാനുണ്ടായിരുന്നു.
സമരം ഒത്തുതീർപ്പാക്കാനായി കഴിഞ്ഞ ദിവസം സെപ്തംബറിലെ 50 ശതമാനം തുക അനുവദിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ കരാറുകാർ തയ്യാറല്ല. കൂലി നൽകാത്തതിനാൽ ഡ്രൈവർമാർ ലോറി ഓടിക്കാൻ തയ്യാറാകുന്നില്ലെന്നും കരാറുകാർ പറയുന്നു. സമരം ഈയാഴ്ച അവസാനിച്ചില്ലെങ്കിൽ സ്റ്റോക്ക് കുറവുള്ള റേഷൻകടകൾ അടയും. സമരം ഒത്തുതീർപ്പാക്കാൻ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.
കൂലിയില്ലാതെ വളയം പിടിക്കില്ല
കിട്ടാനുള്ളത് സെപ്തംബർ മുതലുള്ള വിതരണക്കൂലി
കരാർ തുകയും കുടിശ്ശിക
ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയുള്ള പത്ത് ശതമാനം തുകയും കുടിശ്ശിക
മുഴുവൻ തുകയും കിട്ടണമെന്ന് ആവശ്യം
സപ്ലൈകോ ഗോഡൗണുകൾ നിറഞ്ഞു
കഴിഞ്ഞമാസം എഫ്.സി.ഐയിൽ നിന്ന് എത്തിച്ച ഭക്ഷ്യധാന്യം സപ്ലൈകോ ഗോഡൗണുകളിൽ നിറഞ്ഞു. ഇവ റേഷൻകടകൾക്ക് വിതരണം ചെയ്താലേ എഫ്.സി.ഐയിൽ നിന്ന് എത്തിക്കുന്ന ഭക്ഷ്യധാന്യം സംഭരിക്കാനാകൂ. എല്ലാമാസവും അഞ്ചോടെ സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്കും 15 ഓടെ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്കും ഭക്ഷ്യധാന്യ നീക്കം ആരംഭിക്കുന്നത്.
ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് കൂടിയേ റേഷൻ കടകളിലുള്ളു. കരാറുകാരുമായി താലൂക്ക് സപ്ലൈ ഓഫീസർമാർ ചർച്ച നടത്തുന്നുണ്ട്.
ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |