സിനിമയിൽ മനോഹരമായ യാത്രയിലാണ് തോമസ് മാത്യു. ആനന്ദം സിനിമ കണ്ടവർ തോമസ് മാത്യു അവതരിപ്പിച്ച അക്ഷയ് എന്ന കഥാപാത്രത്തെ മറന്നിട്ടുണ്ടാകില്ല. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രമാക്കി ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന നാരായണീന്റെ മൂന്നാണ്മക്കളിൽ സജീവ സാന്നിദ്ധ്യമാണ് തോമസ് മാത്യു. മോഹൻലാലും ശോഭനയും 12 വർഷത്തിനുശേഷം ഒരുമിക്കുന്ന തുടരും സിനിമയിൽ പ്രധാന കഥാപാത്രത്തെയാണ് തോമസ് മാത്യു അവതരിപ്പിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 30ന് റിലീസ് ചെയ്യും. സിനിമയിലെ പുതിയ വിശേഷങ്ങൾ തോമസ് മാത്യു പങ്കിടുന്നു.
നിഖിലിന്റെ
കുടുംബം
നാരായണീന്റെ മൂന്നാണ്മക്കൾ, തുടരും എന്നീ സിനിമകളാണ് ഏറ്റവും പുതിയ വിശേഷം. നാരായണീന്റെ മൂന്നാണ്മക്കൾ ഫെബ്രവരി 7ന് റിലീസ് ചെയ്യും. സുരാജേട്ടന്റെ മകനായാണ് എത്തുന്നത്. നിഖിൽ എന്നാണ് കഥാപാത്രത്തിന്റെ പേര്. യു.കെയിൽ നിന്ന് നിഖിലും കുടുംബവും ആദ്യമായി നാട്ടിൽ വരുന്നു. അവരുടെ വരവോടെ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ. ഗുഡ്വിൽ എന്റർടൈയ്ൻമെന്റ്സ് ആണ് നിർമ്മാണം.
പ്രതീക്ഷയില്ലാതെ
മുൻപോട്ട്
തുടക്കകാരനായതിനാൽ ആനന്ദത്തിൽ അഭിനയിച്ചപ്പോൾ അല്പം ആശങ്കയുണ്ടായിരുന്നു. ഇപ്പോഴും ആദ്യ ദിവസം കുറച്ച് ടെൻഷൻ ഉണ്ടായിരുന്നെങ്കിലും പിന്നെ എല്ലാം ഓക്കെയായി. സുരാജേട്ടനുമായി കോംബോ രസകരമായിരുന്നു. വലിയ താരങ്ങളും ടെക്നീഷ്യന്മാരുമായി ജോലി ചെയ്യുമ്പോൾ സ്വയം അറിയാതെ കുറേ കാര്യങ്ങൾ നമ്മളിലേക്ക് എത്തും. പ്രതീക്ഷകൾ വയ്ക്കാത്ത ആളാണ്. എന്റെ കർത്തവ്യങ്ങൾ ചെയ്ത് മുന്നോട്ട് പോകുന്നു.
സിനിമയിൽ
തന്നെ
ഇപ്പോൾ സിനിമ മാത്രമേ മനസിലുള്ളു. ആനന്ദത്തിൽ എത്തിയത്തോടെ സിനിമയാണ് വഴി എന്ന് മനസിലുറപ്പിച്ചിരുന്നു. അന്ന് തുടങ്ങിയ ഓട്ടം ഇന്നിവിടെ വന്ന് നിൽക്കുന്നു. ആനന്ദം ഇറങ്ങിയ ശേഷം ഒരുപാട് ആളുകൾ നല്ല അഭിപ്രായം പറഞ്ഞു. ഇഷ്ടമല്ല എന്ന് പറയുന്നതിനെയും പോസിറ്റീവായാണ് കാണുന്നത്. അതും ഫീഡ്ബാക്ക് ആണല്ലോ. അഭിനയം പഠിച്ചില്ലെങ്കിലും സിനിമയും ചുറ്റുമുള്ള ജീവിതങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന കൂട്ടത്തിലാണ്. അതിൽ നിന്ന് കാര്യങ്ങൾ ഉൾകൊള്ളാറുണ്ട്. ഇങ്ങനെയെല്ലാം അഭിനയം പഠിച്ച് വരുന്നതേയുള്ളു.എറണാകുളം ആണ് നാട്. കുടുംബം നൽകുന്ന പിന്തുണ മുന്നോട്ട് സഞ്ചരിക്കാൻ ഊർജം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |