പുതുവർഷത്തിൽ കൈനിറയെ സിനിമകളുമായി അർജുൻ അശോകൻ. എന്ന് സ്വന്തം പുണ്യാളൻ തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ ജനുവരി 24ന് അൻപോട് കൺമണി എത്തുന്നു. പ്രണയദിനത്തിൽ റിലീസിന് എത്തുന്നത് ബ്രോമാൻസ്. സിനിമയിലെ മനോഹര യാത്രയുടെ വിശേഷങ്ങൾ അർജുൻ അശോകൻ പങ്കുവയ്ക്കുന്നു.
അൻപോട് കണ്മണിയിലെ കഥാപാത്രത്തിന്റെ പ്രത്യേകത എന്താണ്?
പുതുതായി കല്യാണം കഴിഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അമ്മയും ഭാര്യയുമടങ്ങുന്ന കുടുംബം നോക്കുന്ന ഒരു സാധാരണക്കാരൻ. കല്യാണം കഴിയുന്നതോടെ കുടുംബത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പറയുന്ന സിനിമ. കല്യാണം കഴിഞ്ഞാലുടൻ ‘വിശേഷം ആയില്ലേ" എന്ന ചോദ്യം തുടങ്ങും, അഥവാ വിശേഷമായി അത് അലസിപ്പോയാലും വീട്ടിൽ ഉണ്ടാകുന്നതിനേക്കാൾ പ്രശ്നങ്ങൾ നാട്ടുകാർക്കായിരിക്കും. അതെല്ലാം ചുറ്റിപ്പറ്റിയ സിനിമയാണ് അൻപോട് കണ്മണി .
ആനന്ദ് ശ്രീബാലയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു ?
ആനന്ദ് ശ്രീബാലയിലും അൻപോട് കൺമണിയിലും സാധാരണക്കാരന്റെ ജീവിതം പറയുന്ന കഥാപാത്രങ്ങളാണ്. ഒരു ശരാശരി മലയാളിക്ക് ഈ കഥാപാത്രങ്ങളുമായി സാമ്യതയുണ്ടാകും. ആനന്ദ് ശ്രീബാല തികച്ചും വ്യത്യസ്തമായ സിനിമയായിരുന്നു. ആനന്ദ് എന്ന എന്റെ കഥാപാത്രത്തിന്റെ അമ്മ ശ്രീബാല പൊലീസ് ഓഫീസർ ആയിരുന്നു. കുട്ടിക്കാലം മുതൽ പൊലീസുകാരോട് കൂടുതൽ ഇഷ്ടവും താത്പര്യവും കാണിക്കുന്ന കൂട്ടത്തിലാണ് ആനന്ദ്. അമ്മയുടെ പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. അതുകൊണ്ടാണ് പേരിനൊപ്പം അമ്മയുടെ പേര് ചേർത്തത്. പൊലീസ് ആകാനാണ് ആഗ്രഹിക്കുന്നത്. ഒരു കേസ് വന്നുകഴിഞ്ഞാൽ ആരൊക്കെ കൂടെ നിൽക്കുമെന്നും സാധാരണക്കാരൻ എങ്ങനെ അത് നേരിടുമെന്നും കാണിക്കുന്നതാണ് ‘ആനന്ദ് ശ്രീബാല’.എന്റെ പ്രിയ കഥാപാത്രങ്ങളിൽ ഒന്നാണ് ആനന്ദ്.
പലപ്പോഴും സാധാരണക്കാരനായാണ് സ്ക്രീനിൽ എത്തുന്നത്?
എന്റെ രൂപത്തിനും ഭാവത്തിനും പറ്റിയ കഥാപാത്രമാണ് ലഭിക്കുന്നത്. പിന്നെ ഏത് കഥപാത്രമായാലും എല്ലാവരും മനുഷ്യന്മാരല്ലേ, അതിന് മാറ്റമൊന്നും ഉണ്ടാകില്ലല്ലോ.
സിനിമയിൽ നിലനിൽക്കാൻ നടനെന്ന നിലയിൽ എന്താണ് ചെയ്യുന്നത് ?
നല്ല സിനിമയിൽ അഭിനയിക്കുക, നല്ല കഥാപാത്രങ്ങൾ ചെയ്യുക. നമ്മളെ കൊണ്ട് കഴിയുന്നത് അത് മാത്രമേയുള്ളൂ. നിലനിൽപ്പ് എന്ന കാര്യം ഒരിക്കലും നമ്മുടെ കയ്യിലില്ല. ശ്രമിച്ചുകൊണ്ടേയിരിക്കണം. സിനിമയിൽ കയറിപ്പറ്റുക എന്നതായിരുന്നു എന്റെ ആദ്യത്തെ ആഗ്രഹം. തുടക്കത്തിൽ ഒരുപാട് തടസങ്ങൾ ഉണ്ടാകാം. സിനിമയിൽ കയറിപ്പറ്റിക്കഴിഞ്ഞാൽ പിന്നീട് സിനിമകൾ വരും. നല്ലൊരു രീതിയിൽ എത്തിപ്പെടാനും സമയമെടുക്കും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്.
ഗായകനെന്ന നിലയിൽ പുതിയ വിശേഷം ?
ഒരു വിശേഷവും ഇല്ല. അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ നൽകുന്നത്. എന്നെ പൂർണമായി ഗായകൻ എന്നൊന്നും വിളിക്കാൻ കഴിയില്ല. എനിക്ക് പറ്റുന്ന പാട്ടുകൾ വന്നാലേ പാടാൻ കഴിയൂ. അങ്ങനെ വന്നാൽ ഒരു കൈ നോക്കും. വരുന്ന സമയം പോലെയിരിക്കും.
പുതിയ പ്രതീക്ഷകൾ ?
ബ്രോമാൻസ് വാലന്റൈൻസ് ഡേയിൽ റിലീസ് ചെയ്യും. ഒരു കളർഫുൾ സിനിമ. മാത്യു തോമസ്, മഹിമ നമ്പ്യാർ, സംഗീത് പ്രതാപ്, ശ്യാം മോഹൻ തുടങ്ങി ഒരുപാട് താരങ്ങളുണ്ട്. അരുൺ ഡി. ജോസാണ് സംവിധാനം. അർച്ചന 31 നോട്ടൗട്ടിനുശേഷം അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയായി. പേരിട്ടിട്ടില്ല. ഷെബിൻ ബക്കർ ആണ് നിർമ്മിക്കുന്നത് . ഷെബിൻ ഇക്കയുമായി മൂന്നാമത്തെ സിനിമയാണ്. ഈ സിനിമകളെല്ലാം നന്നായി വരുമെന്നാണ് പ്രതീക്ഷ.
സിനിമയിലെ മറ്റു മേഖലയിൽ വരുമോ ?
ഇപ്പോൾ അതിനെപറ്റി ചിന്തിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിച്ചിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |