ഗാസ: 15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിക്കുമെന്ന പ്രതീക്ഷയിൽ നടപ്പാക്കാനിരുന്ന വെടിനിറുത്തൽ കരാറിൽ നിന്ന് അവസാന നിമിഷം ഇസ്രയേൽ പിൻമാറി. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഇസ്രയേൽ പിൻമാറിയത്. ഇന്ന് രാവിലെ എട്ടരയ്ക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക്) വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് മദ്ധ്യസ്ഥരായ ഖത്തർ അറിയിച്ചിരുന്നത്. അതേസമയം, ഗാസയിൽ വെടിനിറുത്തൽ കരാർ ഏർപ്പെട്ടതിൽ പ്രതിഷേധിച്ച് ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വർ രാജിവച്ചു.
മോചിപ്പിക്കുന്നവരുടെ പട്ടിക ഹമാസ് നൽകിയില്ലെന്നും അത് നൽകുന്നതുവരെ ഗാസയിൽ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. അതേസമയം, സാങ്കേതിക പ്രശ്നം കാരണമാണ് പട്ടിക കൈമാറാൻ വൈകിയതെന്നാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്.
തീവ്ര വലതുപക്ഷ വാദികളുടെ എതിർപ്പ് മറികടന്നാണ് കരാറിന് ഇന്നലെ ഇസ്രയേൽ സർക്കാർ അന്തിമ അംഗീകാരം നൽകിയത്. ഇന്ന് മൂന്ന് ബന്ദികളെ ഹമാസ് വിട്ടുനൽകുമെന്നായിരുന്നു അറിയിച്ചത്. പകരം 90 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കാനായിരുന്നു നീക്കം. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവരുടെ മാസങ്ങൾ നീണ്ട മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് കരാർ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. ഇതുവരെ 46,890ലേറെ പാലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
വെടിനിറുത്തൽ കരാർ മൂന്ന് ഘട്ടമായി നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തിൽ വിട്ടയയ്ക്കും. ഏഴാം ദിവസം നാല് പേരെയും. തുടർന്നുള്ള അഞ്ച് ആഴ്ചകളിലായി 26 പേരെയും കൂടി വിട്ടയയ്ക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |