കൊല്ലം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന ഇ.ബാലാനന്ദന്റെ സ്മരണാർത്ഥം ഇ.ബാലാനന്ദൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024ലെ ഇ.ബാലാനന്ദൻ സ്മാരക പുരസ്‌കാരം സി.പി.എം മുൻ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ളയ്ക്ക്. രാജ്യത്ത് കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുകയും ഇന്ത്യൻ കർഷക സമൂഹത്തിന്റെ ത്യാഗോജ്വല അവകാശ പോരാട്ടങ്ങൾക്ക് സാർത്ഥകമായ ദിശാബോധം നൽകുകയും ചെയ്ത എസ്.രാമചന്ദ്രൻപിള്ളയുടെ സാമൂഹിക പ്രതിബദ്ധതയും പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് അവാർഡ് നിർണയസമിതി ചെയർമാൻ അഡ്വ. വി.രാജേന്ദ്രബാബു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരുപത്തയ്യായിരം രൂപയും ആർട്ടിസ്റ്റ് ഷാനവാസ് രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രത്യേക ചടങ്ങിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പുരസ്കാരം സമ്മാനിക്കും. കൊല്ലം കോർപ്പറേഷൻ മുൻ മേയർ അഡ്വ. വി. രാജേന്ദ്രബാബു ചെയർമാനും ഓംബുഡ്‌സ് പേഴ്‌സൺ അപ്പലേറ്റ് അതോറിറ്റി ചെയർമാൻ ഡോ. ബി.എസ് തിരുമേനി, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എസ്.നസീബ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവിയും അന്താരാഷ്ട്ര മാർക്‌സിയൻ പഠന ഗവേഷണ കേന്ദ്രം മുൻ ഡയറക്ടറുമായ ഡോ. ജോസഫ് ആന്റണി, കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. ബിജു ടെറൻസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്. ഫൗണ്ടേഷൻ പ്രസിഡന്റ് ആർ.ഷാജിശർമ, സെക്രട്ടറി ജി.സുന്ദരേശൻ, ട്രഷറർ ഫ്രാൻസിസ് ദാവീദ്, ജാജി സുനിൽ, എൽ.വി.ജോൺസൺ, ടി.എൻ.പ്രസന്നകുമാർ, പ്രാക്കുളം വി.കിഷോർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |