തൊടുപുഴ: കുട്ടികൾക്കിടയിൽ മുണ്ടിനീര് പടർന്ന് പിടിക്കുന്നു. വായുവിൽക്കൂടി പകരുന്ന വൈറസ് രോഗമായതിനാൽ പല സ്‌കൂളുകളിലും വിദ്യാർത്ഥികൾക്കിടയിൽ രോഗബാധ വ്യാപകമാണ്. ജില്ലയിൽ ഇതുവരെ 372 വിദ്യാർത്ഥികൾക്കാണ് മുണ്ടിനീര് റിപോർട്ട് ചെയ്തത്. സർക്കാർ ആശുപത്രിയിൽ മാത്രം എത്തി ചികിത്സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്തിയവരുടെ എണ്ണവും ഇത്രത്തോളം വരും. ജില്ലയിൽ രണ്ടാഴ്ചക്കിടെ 50 കുട്ടികൾക്കാണ് മുണ്ടിനീര് ബാധിച്ചത്. ആറും ഏഴും വയസുള്ള കുട്ടികൾക്കാണ് രോഗ ബാധ കൂടുതൽ കണ്ടെത്തിയിരിക്കുന്നത്.
ഉമിനീർ ഗ്രന്ഥികളിലുണ്ടാകുന്ന വീക്കമാണ് മുണ്ടിനീര് അഥവാ മംപ്സ് എന്നത്. പാരമിക്‌സൊ വൈറസ്പാരമിക്‌സൊ വൈറസാണ് രോഗബാധയുണ്ടാക്കുന്നത്. ഇത് വായുവിലൂടെ പകരും. ഉമിനീർ ഗ്രന്ഥികളെയാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളിൽ വീക്കം കാണുന്നതിന് തൊട്ടുമുമ്പും വീങ്ങിയശേഷം ആറു ദിവസം വരെയുമാണ് രോഗം പകരുക.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കമാണ് ലക്ഷണം. നീരുള്ള ഭാഗത്ത് വേദന, ചെറിയ പനിയും തലവേദനയും, വായ തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസം. വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന എന്നിവയുണ്ടാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകൾ വായുവിൽ കലരുന്നതു മൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധ തലച്ചോറിനെ വരെ ബാധിക്കാം. വേദനകുറയുന്നതിന് ഇളംചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുന്നത് നല്ലതാണ്. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
രോഗവ്യാപനം തടയാൻ
രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക
മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക
രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കുക
രോഗി ഉപയോഗിച്ച വസ്തുക്കൾ അണുമുക്തമാക്കുക
വർഷങ്ങളായി വാക്സിൻ നൽകുന്നില്ല
മുമ്പ് കുട്ടികൾക്ക് മുണ്ടിനീരിനെ ചെറുക്കുന്നതിനുള്ള പ്രതിരോധ കുത്തിവെയ്പ് നൽകിയിരുന്നു. എട്ടു വർഷമായി വാക്സിൻ നൽകുന്നില്ല. കേന്ദ്രസർക്കാരിന്റെ സാർവത്രിക വാക്സിനേഷൻ പദ്ധതിയിൽ മുണ്ടിനീര് വാക്സിൻ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, മുണ്ടിനീര് വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ മീസിൽസ് വാക്സിനോടൊപ്പം മുണ്ടിനീര് വാക്സിനും ഇടക്കാലത്ത് നൽകിയിരുന്നു. എന്നാൽ, പിന്നീട് കേന്ദ്രസർക്കാർ സാർവത്രിക വാക്സിനേഷനിൽ മീസിൽസ് വാക്സിനോടൊപ്പം റുബെല്ലാ വാക്സിനും ചേർത്ത് എം.ആർ. വാക്സിൻ നൽകിത്തുടങ്ങിയതോടെ മുണ്ടിനീര് വാക്സിനേഷൻ ഒഴിവാക്കപ്പെട്ടു. കൂടുതൽ ഗുരുതരമായ രോഗങ്ങളായ മീസിൽസും (അഞ്ചാംപനി) റൂബല്ലെയും പ്രതിരോധിക്കാനാണ് ഇങ്ങനെ തീരുമാനിച്ചതെങ്കിലും കേരളമടക്കം പലസംസ്ഥാനങ്ങളിലും മുണ്ടിനീര് വർധിച്ചുവരുന്ന സാഹചര്യത്തിൽ സാർവത്രിക വാക്സിനേഷനിൽ മുണ്ടിനീര് വാക്സിനേഷൻകൂടി ഉൾപ്പെടുത്തി എം.ആർ. വാക്സിനുപകരം എം.എം.ആർ. വാക്സിൻ നൽകേണ്ടതാണെന്ന് ആരോഗ്യ വിഭാഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |