മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്' ജനുവരി 24ന് തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെ സിനിമയുണ്ടായതിന് പിന്നിലെ സംഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. മഞ്ജു വാര്യരെവച്ച് സിനിമ ചെയ്യാനിരുന്ന താൻ അത് മാറ്റിവച്ച് ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ചെയ്യുകയായിരുന്നുവെന്ന് വാസുദേവ് മേനോൻ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'മഞ്ജു വാര്യരുമായി അടുപ്പമുണ്ട്. മഞ്ജു കാരണമാണ് നീരജ് രാജിനെ പരിചയപ്പെടുന്നത്. മലയാളത്തിൽ എബിസിഡി എന്ന സിനിമയുടെ തിരക്കഥയുടെ ഭാഗമായിരുന്നു നീരജ്. എനിക്കിഷ്ടമുള്ള സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിനൊപ്പമാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. മഞ്ജു നീരജിനെ ചെന്നൈയിലേയ്ക്ക് കൊണ്ടുവന്നു. അദ്ദേഹം കഥയെഴുതി, ഞാൻ സംവിധാനം ചെയ്ത്, മഞ്ജു അഭിനയിക്കുന്ന സിനിമ. എന്നാലത് നടന്നില്ല. സംസാരത്തിനിടെ മറ്റെന്തെങ്കിലും ആശയമുണ്ടോയെന്ന് നീരജിനോട് ചോദിച്ചു. അങ്ങനെയാണ് ഡൊമിനിക്കിന്റെ കഥ പറഞ്ഞത്.
കഥ പല നടന്മാരോടും പറഞ്ഞു. മമ്മൂട്ടി സാറിന് ഇത് വർക്കാവും എന്ന് ആദ്യമേ തോന്നിയിരുന്നു. ഞാനും നീരജും കൂടിയാണ് അദ്ദേഹത്തെ കാണാൻ പോയത്. അദ്ദേഹം ഐഡിയ ചോദിച്ചപ്പോൾ ഇൻവെസ്റ്റിഗേഷൻ സ്റ്റോറി ആണെന്ന് പറഞ്ഞു. അപ്പോൾ നോ ഗൗതം, ഇപ്പോൾ കേരളത്തിൽ മുഴുവൻ ഇൻവെസ്റ്റിഗേഷൻ സ്റ്റോറികളാണ് ഞാനും അടുത്തിടെ ഒരുപാട് ചെയ്തെന്ന് പറഞ്ഞു. മറ്റെന്തെങ്കിലും സബ്‌ജക്‌ട് ആണെങ്കിൽ പറയാൻ പറഞ്ഞു. കഥ കേൾക്കൂ, കഥ കേട്ടിട്ട് ഇഷ്ടമായില്ലെങ്കിൽ മറ്റൊരു സിനിമ ചെയ്യാമെന്ന് ഞാൻ മറുപടി കൊടുത്തു.
അങ്ങനെ കഥ പറഞ്ഞു. അരമണിക്കൂറിൽ തന്നെ അദ്ദേഹത്തിന് ഇഷ്ടമായെന്ന് മനസിലായി. അവസാനം ഇഷ്ടമായി നമുക്കിത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ലൈൻ പ്രൊഡ്യൂസറെ വിളിച്ച് കാസ്റ്റിംഗ് ഏജൻസിയെക്കുറിച്ച് ചോദിച്ചപ്പോൾ കാസ്റ്റിംഗ് സർ ചെയ്യുമെന്ന് അവർ പറഞ്ഞു. ആര് ഏത് കഥാപാത്രം ചെയ്യുമെന്ന് അദ്ദേഹം ഇരുന്ന് തീരുമാനിച്ചു. ഒരുപാട് വർക്കുകൾ കാണുന്നയാളാണ്. നല്ല അവബോധമുണ്ട്. ഏതെങ്കിലും സിനിമയിൽ നിന്നായിരിക്കും ചെറിയ അഭിനേതാക്കളെ കണ്ടെത്തുന്നത്'- ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.
നീരജ് രാജന് പുറമെ ഡോ. സൂരജ് രാജനും കൂടി ചേർന്നാണ് ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സിന്റെ തിരക്കഥ തയ്യാറാക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ധിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |