മലപ്പുറം: മലപ്പുറത്ത് നവവധു ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് മലപ്പുറം മൊറയൂർ സ്വദേശി അബ്‌ദുൾ വാഹിദ് അറസ്റ്റിൽ. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ, മാനസിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. 2024 മേയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് ഭാര്യയുടെ നിറം പ്രശ്നമാണെന്ന് അബ്ദുൽ വാഹിദ് വിളിച്ച് പറഞ്ഞതെന്ന് ഷഹാനയുടെ ബന്ധുവായ അബ്ദുൾ സലാം ഒരു ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
ജനുവരി 14നാണ് ഷഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
ഷഹാനയുടെ നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നും ഷഹാനയുടെ കുടുംബം പരാതിയിൽ പറയുന്നു.
'20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെൺകുട്ടിയോട് ഭർതൃമാതാവ് ചോദിച്ചു. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെൺകുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് പറഞ്ഞ് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നു',- എന്നും ബന്ധു പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |