അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റിരിക്കുകയാണ്. ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ളിക്കൻ പാർട്ടിക്ക് മേൽക്കൈയുള്ളതിനാൽ 2017- ലെ ആദ്യ വരവിനേക്കാൾ ശക്തനായിരിക്കും ഇത്തവണ ട്രംപ്. അധികാമേറ്റെടുക്കുന്നതിന് മുമ്പുതന്നെ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് നിർണായക ഇടപെടൽ നടത്തിയതിലൂടെ ട്രംപ് തന്റെ കരുത്ത് ലോകത്തെ അറിയിക്കുകയും ചെയ്തു. യുദ്ധം നിറുത്താൻ ഇസ്രയേലിനോ ഹമാസിനോ അല്ല ട്രംപ് മുന്നറിയിപ്പു നൽകിയത്; മറിച്ച് ഖത്തറിനാണെന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പണം വരുന്ന വഴി അടയുമ്പോൾ ഏതു യുദ്ധവും തനിയെ തീരുമെന്ന പാഠം കൂടിയാണ് ഇതിൽ നിന്ന് ലോകം പഠിക്കേണ്ടത്. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്ന് ട്രംപ് വെളിപ്പെടുത്തിക്കഴിഞ്ഞു. അതിനൊപ്പം മദ്ധ്യേഷ്യൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും മൂന്നാം ലോക യുദ്ധത്തിന്റെ സാദ്ധ്യതകൾ തടയുമെന്നും അദ്ദേഹം പറയുകയുണ്ടായി.
അടുത്ത നാലുവർഷത്തെ ഭരണത്തിനിടയിൽ യുദ്ധമില്ലാത്ത ഒരു ലോകത്തിനാണ്, അടിസ്ഥാനപരമായി ബിസിനസുകാരൻ കൂടിയായ ട്രംപ് പ്രാധാന്യം നൽകുന്നതെന്ന് ഊഹിക്കാം. അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ടതാണെന്നും, അതിനാൽ മതിയായ രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്ന എല്ലാവരെയും പുറത്താക്കുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇപ്പോൾത്തന്നെ അമേരിക്കയിലെ ടെക് കമ്പനികളിലും മറ്റുമായി ജോലിചെയ്യുന്നുണ്ട്. ഏഴര ലക്ഷത്തോളം ഇന്ത്യക്കാർ അനധികൃതമായി യു.എസിൽ കഴിയുന്നുണ്ടെന്നാണ് 2023-ലെ കണക്ക്. ഇവരെയെല്ലാം ഒറ്റയടിക്ക് പുറത്താക്കുന്ന നടപടി ഇന്ത്യയ്ക്ക് ഹിതകരമാവില്ല. നയതന്ത്ര തലത്തിൽ ഇന്ത്യ മുൻകൂട്ടിത്തന്നെ ഇത് തടയാനുള്ള മാർഗങ്ങൾ അവലംബിക്കണം. ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്ന നേതാവാണ് ട്രംപ് എന്നാണ് നിരീക്ഷകർ പൊതുവെ വിലയിരുത്തിയിട്ടുള്ളത്.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനാവും ട്രംപ് മുഖ്യ പരിഗണന നൽകുക. ഡോളറിനു നേരിട്ട ഇടിവ് മാറ്റിയെടുക്കാൻ ഇറക്കുമതി തീരുവ കൂട്ടാൻ ട്രംപ് തയ്യാറായാൽ അത് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ചൈന, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാവും. ചൈനീസ് സാധനങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്നൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അത് എത്രത്തോളം നടക്കുമെന്നത് കണ്ടറിയണം. ട്രംപ് പറഞ്ഞതുപോലെ ചൈനീസ് സാധനങ്ങൾക്ക് വലിയ തീരുവ ചുമത്തിയാൽ ഏഷ്യയിലെ ബദൽ നിക്ഷേപ കേന്ദ്രമാകാൻ അത് ഇന്ത്യയ്ക്ക് അവസരമൊരുക്കാം. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സാമ്പത്തിക ഭൂമികയിൽ വലിയ മാറ്റമാകും ഉണ്ടാവുക. ഇത് ഓഹരി വിപണിയിൽ സമ്മർദ്ദം കൂടാനും നാണയപ്പെരുപ്പം കൂടാനും അതുവഴി വിലക്കയറ്റം രൂക്ഷമാകാനും വഴിയൊരുക്കും.
എച്ച് 1 ബി വിസയുടെ കാര്യത്തിൽ ട്രംപിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച സമ്പന്നൻ ഇലോൺ മസ്‌ക് പുലർത്തുന്ന സമീപനം ഇന്ത്യയ്ക്ക് ഗുണകരമാണ്. സാങ്കേതിക ജ്ഞാനമുള്ളവരെ നിലനിറുത്തുകയും ആകർഷിക്കുകയും വേണമെന്നാണ് മസ്‌കിന്റെ നിലപാട്. ഈ നിലപാട് ട്രംപിനെ സ്വാധീനിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പാകിസ്ഥാനിലും ബംഗ്ളാദേശിലുമുള്ള ഇന്ത്യാ വിരുദ്ധ നിലപാടുകളെ നിരുത്സാഹപ്പെടുത്തുന്ന നയമാണ് ഇതുവരെ ട്രംപ് സ്വീകരിച്ചിട്ടുള്ളത് എന്നത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നതാണ്.
അമേരിക്കയെ മഹത്തരമാക്കാൻ ശ്രമിക്കുമ്പോൾ അത് മറ്റ് ലോക രാജ്യങ്ങൾക്ക് ദ്രോഹകരമാകാതിരിക്കാനും ശ്രദ്ധിച്ചാൽ ട്രംപിന്റെ രണ്ടാം വരവ് ചരിത്രം സൃഷ്ടിക്കുന്നതായി മാറാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |