പല ഓഫീസുകളിലും പ്രമുഖ ക്ഷേത്രങ്ങളിലുമെല്ലാം ക്യാമറയ്‌ക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരാൾ ക്യാമറയുള്ള കണ്ണട വച്ച് കയറിയത്. വഡോദരയിൽ നിന്നുള്ള ജാനി ജയ്കുമാർ എന്ന യുവാവാണ് ക്ഷേത്രത്തിനുള്ളിൽ വിലക്കുണ്ടായിരുന്നിട്ടും ക്യാമറയുള്ള കണ്ണട ഉപയോഗിച്ചത്. ഒറ്റനോട്ടത്തിൽ ക്യാമറയുള്ളതായി തോന്നാത്ത സാങ്കേതികപരമായി വളരെയധികം ഫീച്ചറുകളുള്ള കണ്ണടയാണിത്.ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഫ്ലാഷ് ലൈറ്റ് ഓണായതോടെയാണ് ഇയാളെ പിടികൂടിയത്. ഫാഷനും സാങ്കേതിക വിദ്യയും സംയോജിക്കുന്ന ഈ കണ്ണടയെപ്പറ്റി വശദമായി അറിയാം.
എന്താണ് ക്യാമറ ഗ്ലാസുകൾ?
ഒറ്റനോട്ടത്തിൽ സാധാരണ കണ്ണടയാണിത്. എന്നാൽ, ഇതുപയോഗിച്ച് ഫോട്ടോകളും വീഡിയോകളഴും റെക്കോർഡ് ചെയ്യാൻ സാധിക്കും. ഇതിലെ ക്യാമറയും ലെൻസും കാണാൻ കഴിയാത്ത വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൈ ഉപയോഗിക്കാതെ തന്നെ ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും. ഇവ വിവിധ തരത്തിലും നിറത്തിലും വിലയിലും ലഭിക്കുന്നതാണ്.
ഉപയോഗങ്ങൾ
സുരക്ഷാ ആവശ്യങ്ങൾക്കായി, തെളിവുകൾ ശേഖരിക്കാൻ, ദിനചര്യകൾ മനസിലാക്കാൻ, യാത്രകൾ ചിത്രീകരിക്കാൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായാണ് ഈ കണ്ണട ഉപയോഗിക്കുന്നത്. ഇന്റലിജൻസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ഇത് ഒഴിച്ചുകൂടാനാവാത്ത സാധനമാണ്. രഹസ്യ സ്വഭാവമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉയർന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ റെക്കോർഡിംഗാണ് ഈ ക്യാമറയിലുള്ലത്. തത്സമയ ലൈവ് സ്‌ട്രീമിംഗും ഇതിൽ ലഭ്യമാണ്. കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച വ്യക്തതയുള്ള ദൃശ്യങ്ങൾ ഈ ക്യാമറയിൽ ലഭ്യമാണ്. ദീർഘദൂര നിരീക്ഷണത്തിനുള്ള കഴിവും ഇതിലുണ്ട്.
ശത്രു രാജ്യങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ചാരവൃത്തിക്കായി എത്തുന്നവർ ഈ ക്യാമറ ഉപയോഗിച്ച് രഹസ്യ വിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്. ക്രിമിനൽ കേസുകളിൽ തെളിവുകൾ ശേഖരിക്കാൻ ഈ കണ്ണട സഹായിക്കും. വ്യക്തിഗത സുരക്ഷയ്‌ക്കും ഇത് ഉത്തമമാണ്.
വില
ആമസോൺ, ഫ്ലിപ്‌കാർട്ട് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഇലക്‌ട്രോണിക് കടകളിലും ഈ ഗ്ലാസുകൾ ലഭ്യമാണ്. വലിയ നഗരങ്ങളിൽ ഈ ക്യാമറയുള്ള കണ്ണടകൾ സുലഭമാണെങ്കിലും ഗ്രാമങ്ങളിൽ ഇത് ലഭിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. ബ്രാൻഡുകൾ അനുസരിച്ചാണ് ഇതിന്റെ വില. പല പ്രമുഖ ബ്രാൻഡുകളും ഇത്തരത്തിലുള്ള ക്യാമറ കണ്ണടകൾ ഇറക്കിയിട്ടുണ്ട്. 40000 മുതൽ 50000 രൂപ വരെയാണ് ഇതിന് വില വരുന്നത്. ബഡ്‌ജറ്റ് ഫ്രണ്ട്‌ലി ക്യാമറകളുമുണ്ട്. 2,000 മുതൽ 5,000 രൂപ വരെയാണ് ഇതിന് വില. 5,000 മുതൽ 15,000 രൂപ വരെയുള്ള ക്യാമറ കണ്ണടകളും ലഭ്യമാണ്.
ഇന്ത്യയിൽ നിർമിച്ച ക്യാമറ കണ്ണടകൾക്ക് വില കുറവാണ്. എന്നാൽ, ഗോ പ്രോ, സോണി പോലെ ഇറക്കുമതി ചെയ്‌ത കമ്പനികളുടെ കണ്ണടകൾക്ക് വിലയേറും. ഇവ കൂടുതൽ ഗുണനിലവാരമുള്ളതും ഈടുള്ളതുമായിരിക്കും.
ശ്രദ്ധിക്കണം
ക്യാമറ വാങ്ങുമ്പോൾ തിരഞ്ഞെടുക്കുന്ന ഗ്ലാസുകൾ, ഉയർന്ന റെസോല്യൂഷൻ ഉള്ള ക്യാമറയുള്ളവ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയെല്ലാം നോക്കി തിരഞ്ഞെടുക്കുക. ഉയർന്ന ഗുണനിലവാരമുണ്ടെങ്കിലും ഇവയ്‌ക്ക് തകരാറുകൾ സംഭവിക്കാനും സാദ്ധ്യതയുണ്ട്.
മാത്രമല്ല, അയോദ്ധ്യയിലേത് പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ നിയമപരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും. ഉത്തരവാദിത്തത്തോടെയും നിയമങ്ങൾ അനുസരിച്ചും ഇവ ഉപയോഗിച്ചാൽ വളരെയധികം ഫലം നൽകുന്നതാണ്.
അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത് സ്വയരക്ഷയ്‌ക്കായും തെളിവുകൾ ശേഖരിക്കാനായുമെല്ലാം ഇത്തരത്തിലുള്ള ക്യാമറകൾ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. എന്നാൽ, ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നതുപോലെ ഇതിനും ഗുണവും ദോഷവുമുണ്ട്. വിവേകത്തോടെ കൈകാര്യം ചെയ്‌താൽ പ്രയോജനം ഉണ്ടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |