□സംസ്ഥാനം മാതൃകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിധവയായ സ്ത്രീയെ നടു റോഡിൽ വസ്ത്രാക്ഷേപം ചെയ്യുന്നതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയെന്ന് നിയമസഭയിൽ ചോദ്യമുന്നയിച്ച് പ്രതിപക്ഷം. സ്ത്രീ സുരക്ഷയിൽ കേരളം മാതൃകയാണെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പിണറായിവിജയൻ.
കൂത്താട്ടുകുളം നഗരസഭയിലെ സി.പി.എം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവേയാണ് ആരോപണ, പ്രത്യാരോപണങ്ങളിൽ സഭ ബഹളമയമായത്. പരസ്യമായി പട്ടാപ്പകൽ സ്ത്രീയെ അപമാനിച്ചിട്ട് കാലുമാറ്റമായി ലഘൂകരിച്ച് ബഹളമുണ്ടാക്കുന്നവർ ചരിത്രത്തിൽ അഭിനവ ദുശാസ്സനൻമാരായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. യഥാർത്ഥ പ്രതികളെ അറസ്റ്ര് ചെയ്യണമെന്നും കൂട്ടു നിന്ന പൊലീസുകാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽനിന്ന് വാക്കൗട്ട് നടത്തി.
പൊലീസ് നോക്കി നിൽക്കെയാണ് കലാരാജുവിനെ സി.പി.എമ്മുകാർ തട്ടിക്കൊണ്ടു പോയതെന്ന് നോട്ടീസവതരിപ്പിച്ച അനൂപ്ജേക്കബ് പറഞ്ഞു. വസ്ത്രാക്ഷേപം ചെയ്യുന്നതും കാല് തല്ലിയൊടിക്കുമെന്ന് പറയുന്നതുമാണോ സ്ത്രീസുരക്ഷ. ഹണിറോസിന്റെ പരാതിയിൽ ശരവേഗത്തിൽ നടപടിയെടുത്ത പൊലീസ് ഈ കേസിൽ മെല്ലെപ്പോക്കിലാണ്. . നടിക്കുള്ള അഭിമാനം തന്നെയാണ് എല്ലാ സ്ത്രീകൾക്കുമുള്ളതെന്നും അനൂപ്ജേക്കബ് പറഞ്ഞു.
കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ് യുഡിഎഫ് കൂത്താട്ടുകുളത്തു സ്വീകരിച്ചതെന്നും ജനാധിപത്യത്തിന് നിരക്കാതെ പ്രവർത്തിക്കുന്നവർ രാജി വച്ച് പോവുകയാണ് വേണ്ടതെന്നും കലാരാജുവിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പറഞ്ഞു. കലാരാജുവെന്ന മഹതിയുടെ പരാതിയിൽ പൊലീസ് നടപടിയെടുക്കും.
7വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് സി.പിഎമ്മുകാരായ പ്രതികൾ
ചെയ്തതെന്നും,സ്ത്രീകളോടുള്ള അധിക്ഷേപത്തിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും സതീശൻ പറഞ്ഞു.ഒരു മാസം മുൻപ് കരുമാലൂർ പഞ്ചായത്തിൽ രാവിലെ കാലു മാറി വോട്ടു ചെയ്ത യു.ഡി.എഫ് അംഗത്തെ ഉച്ച കഴിഞ്ഞ് വൈസ്‌പ്രസിഡന്റാക്കിയത് സി.പി.എമ്മാണ്. ആ പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗമാണ് ഇവിടെ കാലുമാറ്റത്തെ എതിർക്കുന്നതെന്നും
സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |