തിരുവനന്തപുരം: ചെറുപ്പകാലത്ത് നഷ്ടപ്പെട്ട കേൾവി ശക്തിയെ അറിവ് സമ്പാദനത്തിലൂടെയും വിദ്യ പകർന്നു നൽകുന്നതിലൂടെയും തോൽപ്പിക്കുകയാണ് ബാലരാമപുരം കോട്ടുകാൽകോണം സ്വദേശി കെ.എസ്.ലാവണ്യ കൃഷ്ണൻ (32). കേൾവി നഷ്ടപ്പെട്ടെങ്കിലും സാധാരണ വിദ്യാർത്ഥികൾക്കൊപ്പം പഠിച്ച് ബിരുദാനന്തര ബിരുദവും നെറ്റും ജെ.ആർ.എഫും നേടിയ ലാവണ്യ ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ (നിഷ്) അദ്ധ്യാപികയാണ്.
ലാവണ്യയ്ക്ക് എട്ട് വയസുള്ളപ്പോഴാണ് കേൾവിശക്തി നഷ്ടമായത്. വിദഗ്ദ്ധ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അതിന്റെ ചെലവ് താങ്ങാൻ ചെറിയ തോതിൽ വ്യാപാരം നടത്തിയിരുന്ന പിതാവ് കൃഷ്ണൻകുട്ടിക്കും റിട്ട.അദ്ധ്യാപികയായ മാതാവ് സരോജിനി അമ്മയ്ക്കും കഴിഞ്ഞില്ല. തുടർന്ന് നഷ്ടപ്പെട്ട കുറവ് പഠനത്തിലൂടെ ലാവണ്യ നേടിയെടുക്കുകയായിരുന്നു.
അദ്ധ്യാപകരുടെയും മറ്റുള്ളവരുടെയും ചുണ്ടനക്കങ്ങളിൽ നിന്ന് പിടിച്ചെടുത്ത അറിവുകളിലൂടെ സാധാരണ വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് സ്കൂൾ,കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും നേടി. പിന്നാലെ 2023ൽ നിഷിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്കും കയറി. തുടർന്ന് ജെ.ആർ.എഫും നേടിയെടുക്കുകയായിരുന്നു. സഹോദരൻ:കെ.എസ്.സകൃഷ്ണൻ (ഗെയിം ഡെവലപ്പർ).
എഴുത്തിലും താരം
പഠനത്തിൽ മാത്രമല്ല കഥയെഴുതുന്നതിലും ലേഖനമെഴുതുന്നതിലും ലാവണ്യ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. ഉണർവ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച കഥാരചനയിൽ ഒന്നാംസ്ഥാനം നേടി. കൂടാതെ,ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ അക്കാഡമിക് ബുക്കിൽ ലാവണ്യയുടെ ഒരു ലേഖനവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കുടുംബത്തിന്റെയും കൂട്ടുകാരുടെയും അദ്ധ്യാപരുടെയും പ്രോത്സാഹനമാണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.
- ലാവണ്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |