കോട്ടയം: തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിൽ പ്രതിഷേധമിരമ്പി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പതിനൊന്നാം ശബള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക , ലീവ് സറണ്ടർ പുനസ്ഥിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
പണിമുടക്കിയ ജീവനക്കാർ ഓഫീസ് കോംപ്ലക്‌സുകളിൽ പ്രകടനവും യോഗവും നടത്തി. കളക്ട്രേറ്റിൽ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് ജീവനക്കാർ അണിചേർന്നു. 80 ശതമാനം ജീവനക്കാരും പണിമുടക്കിൽ പങ്കാളികളായെന്ന് സെറ്റോ ജില്ലാ കമ്മറ്റി പറഞ്ഞു. കളക്ട്രേറ്റ് ,വിവിധ താലൂക്ക് ഓഫീസുകൾ എന്നിവടങ്ങളിൽ ചുരുക്കം ജീവനക്കാരാണ് ഹാജരായത്. 90 ശതമാനം വില്ലേജ് ഓഫീസുകളും അടഞ്ഞു കിടന്നു. കൃഷി ഭവനുകൾ, മൃഗാശുപത്രി എന്നിവയുടെ പ്രവർത്തനവും തടസപ്പെട്ടു. എം.ജി യൂണിവേഴ്‌സിറ്റിയിൽ 60 ശതമാനത്തിലധികം ജീവനക്കാരും എയ്ഡഡ് സ്‌കൂളുകളിൽ 80 ശതമാനം അദ്ധ്യാപകരും പണിമുടക്കി.
നേരിയ സംഘർഷം
പ്രകടനം തടസപ്പെടുത്തുവാനുള്ള എൻ.ജി.ഒ യൂണിയൻ പ്രവർത്തകരുടെ ശ്രമം നേരിയ സംഘർഷത്തിന് ഇടയാക്കി. കളക്ട്രേറ്റ് പ്രധാന കവാടം ഉപരോധിച്ച് ജീവനക്കാർ റോഡിൽ കുത്തിയിരുന്നു. കളക്ട്രേറ്റിനു മുന്നിലെ യോഗം ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു.
പി.ഐ ജേക്കബ്‌സൺ, വി.പി ബോബിൻ, റോണി ജോർജ്, സതീഷ് ജോർജ്, രാജേഷ്, ജയശങ്കർ പ്രസാദ്, സോജോ തോമസ്, മനോജ് വി.പോൾ, ജോബിൻ ജോസഫ്, മേബിൾ, വിപിൻ ചാണ്ടി, സിജിനിമോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |