കോട്ടയം: കോട്ടയത്തിന്റെ സ്വകാര്യ അഹങ്കാരം സംവിധായകൻ ജി. അരവിന്ദന്റെ 90-ാം ജന്മദിനം ആരുമറിയാതെ ,ഓർക്കാതെ കടന്നുപോയി. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയായ കോട്ടയം ഫിലിം സൊസൈറ്റി രൂപീകരിച്ചത് അരവിന്ദന്റെ നേതൃത്വത്തിലായിരുന്നു. രാജ്യാന്തര ചലച്ചിത്രമേളകളിൽ വരെ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്ത അരവിന്ദന്റെ സ്മരണ നില നിറുത്താൻ ഇന്നും കോട്ടയത്ത് ഒന്നുമില്ല.1935 ജനുവരി 21നായിരുന്നു അരവിന്ദന്റെ ജനനം.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 24ന് അരവന്ദൻ നവതിആഘോഷമായ 'അരവിന്ദോ 90' നടത്തുന്നു. ചിദംബരം സിനിമയും പ്രദർശിപ്പിക്കുന്നു .. അരവിന്ദൻ തുടക്കമിട്ട കോട്ടയം ഫിലിം സൊസൈറ്റി സംവിധായകരായ ജയരാജ് പ്രദീപ് നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതിനനപ്പുറം അരവിന്ദൻ ജന്മവാർഷികമോ ചരമ ദിനാചരണമോ നടത്താനും ആരുമില്ല.
മലയാള സിനിമയിലെ ഋഷിതുല്യമായ സാന്നിദ്ധ്യമായിരുന്നു ജി.അരവിന്ദൻ. ഒരു തലമുറ നെഞ്ചേറ്റുവാങ്ങിയ 'ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര സമകാലികജീവിതത്തെ പരിഹസിച്ചു ശ്രദ്ധേയമായി.
റബർ ബോർഡ് ഉദ്യോഗസ്ഥനായി കോഴിക്കോട്ട് ജോലിചെയ്യുമ്പോൾ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ 1974ൽഉത്തരായനത്തിലൂടെ സിനിമാസംവിധായകനായി.പട്ടത്തുവിള കരുണാകരൻ നിർമ്മാതാവും തിക്കോടിയൻ കഥാകൃത്തുമായ ഉത്തരായനം മലയാളസിനിമയിൽ ഒരു നൂതന ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നേടി നിരവധി ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പയിലൂടെ നാടകരംഗത്തും ശ്രദ്ധേയനായി.ഗോപിയും നെടുമുടിവേണുവും ജഗന്നാഥനുമെല്ലാം ഈ നാടകത്തിൽ തിളങ്ങിയാണ് സിനിമാരംഗത്തെത്തിയതും . മലയാളസിനിമയിലെ നായികാ നായക സങ്കൽപ്പം മാറ്റി ആദിവാസികളെ അഭിനയിപ്പിച്ചും രാമായണ കഥക്ക് പുതിയ ഭാഷ്യം ചമച്ചു പ്രേക്ഷകരെയും നിരൂപകരെയും ഞെട്ടിച്ച കാഞ്ചനസീതയിൽ സംഭാഷണത്തിനു പകരം ദൃശ്യങ്ങൾക്കായിരുന്നു പ്രാധാന്യം. സ്മിതാപട്ടീൽ നായികയായ ചിദംബരം നാടൻ സർക്കസ് കൂടാരത്തിലെ കഥ പറയുന്ന ‘തമ്പ്’ കുട്ടികളുടെ ചിത്രമായ ‘കുമ്മാട്ടി’ ‘എസ്തപ്പാൻ’. ബാലചന്ദ്രൻ ചുള്ളിക്കാടിനെ നായകനാക്കിയ പോക്കുവെയിൽ ,ഒരിടത്ത്’, ‘ഉണ്ണി’, ‘വാസ്തുഹാര’ എന്നീ ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തു. 1991 മാർച്ച് 15ന് അമ്പത്തഞ്ചാം വയസിൽ സിനിമാസ്വപ്നങ്ങൾ പൂർത്തിയാക്കാതെയാണ് അരവിന്ദൻ വിടവാങ്ങിയത്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |