ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ ഉല്പന്ന വില്പനയും ഫുഡ്‌കോർട്ടും മാത്രമല്ല, സ്വന്തമായി വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ തോതിൽ ഒരു സംരംഭം ആരംഭിക്കാനുള്ള വകയും ഒരുക്കിയിട്ടുണ്ട്. മുട്ടക്കോഴി വളർത്തൽ ഇഷ്ടപ്പെടുന്നവർക്ക് കോഴിയും മേൽക്കൂരയോടു കൂടിയ ഹൈടെക് കൂടും കോഴിത്തീറ്റയും ഉൾപ്പെടെ കോമ്പോ പായ്ക്ക് ആയി വാങ്ങാം. മലപ്പുറം ജില്ലയിലെ എടക്കര അഗ്രോ വനിതാ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ സ്റ്റാളിലാണ് വേറിട്ട സമ്മാനം. 120 ദിവസം പ്രായമായ ബി.വി ഇനത്തിലുള്ള 20 മുട്ടക്കോഴികളെയും മേൽക്കൂരയോടു കൂടിയ ഹൈടെക് കൂടും 20 കിലോ തീറ്റയും സെറ്റായി ലഭിക്കും. ഒരു യൂണിറ്റിന് 18500 രൂപയാണ് വില. ഇതു കൂടാതെ 30, 60, 120 എണ്ണം കോഴികൾ വീതമുള്ള യൂണിറ്റുകളുമുണ്ട്. 30 മുട്ടക്കോഴി യൂണിറ്റിനൊപ്പം 50 കിലോ തീറ്റ, മെഡിസിൻ കിറ്റ്, അഞ്ച് ഗ്രോ ബാഗ്, അഞ്ചിനം പച്ചക്കറി വിത്ത് എന്നിവയുണ്ടാകും. 30,000 രൂപയാണ് വില. 60 മുട്ടക്കോഴി യൂണിറ്റിന് 100 കിലോ തീറ്റ, 10 ഗ്രോ ബാഗ്, അഞ്ചിനം പച്ചക്കറി വിത്ത് എന്നിവ ഉൾപ്പെടെ 60,000 രൂപയാണ് വില. 120 മുട്ടക്കോഴി, 200 കിലോതീറ്റ, മെഡിസിൻ കിറ്റ്, 25 ഗ്രോബാഗ്, അഞ്ചിനം പച്ചക്കറി വിത്ത് എന്നിവ ഉൾപ്പെടെ 1,20,000 രൂപയുമാണ് വില. എല്ലാ യൂണിറ്റുകൾക്കുമൊപ്പം മേൽക്കൂരയോടു കൂടിയ ഹൈടെക് കൂടുകളും ഉണ്ടാകും. കോഴികളുടെ എണ്ണമനുസരിച്ച് കൂടിന്റെ വിസ്തൃതിയിലും വ്യത്യാസമുണ്ടാകും. കോഴിയും കോഴിക്കൂടും കൂടാതെ കാലിത്തൊഴുത്ത്, ആട്ടിൻകൂട് എന്നിവയും ഇടക്കര അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |