പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് ടൗൺ സ്ക്വയർ നിർമ്മാണം പൂർത്തിയാകുന്നു. വൈകുന്നേരങ്ങളിൽ വിശ്രമത്തിനും സാംസ്കാരിക കൂട്ടായ്മകൾക്കും പൊതുയോഗങ്ങൾക്കും ഇനി സ്ഥിരം വേദിയാകും ടൗൺ സ്ക്വയറിൽ ഒാപ്പൺ സ്റ്റേജും പൂന്തോട്ടവും പാർക്കുമുണ്ട്. ലഘുഭക്ഷണശാലയും ശൗചാലയവമുണ്ട്. അബാൻ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷൻ റോഡിന് അഭിമുഖമായാണ് സ്ക്വയർ. കവാടത്തിന് ജസ്റ്റീസ് ഫാത്തിമ ബീവിയുടെ പേര് നൽകും. സ്ക്വയറിൽ ജില്ലയുടെ പിതാവ് കെ. കെ നായരുടെ പ്രതിമ സ്ഥാപിക്കും. ഉപയോഗശൂന്യമായി കിടന്ന റവന്യുഭൂമി ഏറ്റെടുത്താണ് ടൗൺ സ്ക്വയർ നിർമ്മിച്ചത്. ഇപ്പോഴത്തെ നഗരസഭാ ഭരണ സമിതിയാണ് പദ്ധതി വിഭാവനം ചെയ്തത്. ഒാപ്പൺ സ്റ്റേജിന് മുന്നിൽ ആയിരം പേർക്ക് ഇരിക്കാനുളള സൗകര്യമുണ്ട്. തറ ഇന്റർലോക്ക് പാകി. പ്രത്യേക ശബ്ദ, വെളിച്ച സംവിധാനം സ്ഥാപിക്കും. പ്രതിമ സ്ഥാപിക്കൽ ഉൾപ്പെടെ അവസാന പണികളാണ് ഇനി ബാക്കിയുള്ളത്. ഭൂഗർഭ അറ വഴിയാണ് വൈദ്യുതി ബന്ധം. ടൗൺ സ്ക്വയർ ഉദ്ഘാടനം ഇൗ മാസം നടത്താനാണ് ശ്രമം. നഗരസഭയിലെ അബാൻ വാർഡിന് ടൗൺ സ്ക്വയർ വാർഡ് എന്ന് നാമകരണം ചെയ്യും. ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ മുൻകൈയെടുത്താണ് ടൗൺ സ്ക്വയറിന് പദ്ധതി ആവിഷ്കരിച്ചത്. നഗരസഭ പ്ളാനിംഗ് വിഭാഗത്തിന്റെ സഹായത്തോടെ പത്തനംതിട്ട സ്വദേശി മുഹമ്മദ് യാസിനാണ് ടൗൺസ്ക്വയർ രൂപ കൽപ്പന ചെയ്തത്.
# ചെലവ് 1 കോടി
6000 ചതുരശ്ര അടി വിസ്തീർണം
ടൗൺ സ്ക്വയറിൽ
-------------------
ഒാപ്പൺ സ്റ്റേജ്
പാർക്ക്
പൂന്തോട്ടം
ലഘുഭക്ഷണ ശാല
ഇനി ടൗൺസ്ക്വയർ വാർഡ്
------------------------------
'' ജനങ്ങളുടെ സാംസ്‌കാരിക ഒത്തുചേരലുകൾക്ക് വേദി ഒരുക്കുകയാണ് ടൗൺ സ്‌ക്വയർ. നഗരത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാനും ഇടമാകും.
അഡ്വ. ടി. സക്കീർ ഹുസൈൻ, നഗരസഭാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |