വർക്കല: റെയിൽവേ ഗേറ്റുകളിലെ ഗതാഗത തടസം വർക്കലയിലെ ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. ഇടവ, മൂന്നുമൂല-ഇടവ എച്ച്.എസ് റോഡ്,പുന്നമൂട്,വർക്കല റെയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലായി 5 റെയിൽവേ ഗേറ്റുകളാണുള്ളത്. ഇതിൽ പുന്നമൂട്,ഇടവ,ജനതാമുക്ക് റെയിൽവേ ഗേറ്റുകളിൽ ജനങ്ങൾ വലിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്. വർക്കല-കാപ്പിൽ റോഡും, വർക്കല-പാരിപ്പള്ളി റോഡും സദാസമയവും വാഹനത്തിരക്കാണ്. വർക്കലയിൽ നിന്നും ഇടവ വഴി കാപ്പിൽ,പരവൂർ,കൊല്ലം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ മൂന്ന് ഗേറ്റുകളിലൂടെ കടന്നുവേണം ഇടവ വരെയെത്തി യാത്ര തുടരേണ്ടത്. ഊന്നിൻമൂട്,പാരിപ്പള്ളി ഭാഗങ്ങളിലേയ്ക്ക് റെയിൽവേ സ്റ്റേഷന് സമീപത്തേയോ പുന്നമൂട്ടിലെയോ ഗേറ്റുകൾ കടന്നുവേണം പോകാൻ. ഇത്രയും തിരക്കേറിയ ഭാഗത്ത് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
അപകടവും ഗതാഗതക്കുരുക്കും
ഇടവ,ജനതാമുക്ക്,പുന്നമൂട് ഗേറ്റുകൾ ഓരോ തവണയും തുറക്കുമ്പോഴും അപകടങ്ങൾ പതിവാണ്. നിത്യേന പകൽ മാത്രം 60 തവണയെങ്കിലും ഗേറ്റുകൾ അടച്ചിടാറുണ്ട്. ഓരോതവണയും 8 മുതൽ 10 മിനിട്ട് വരെ അടച്ചിടും. ഇത് ചിലപ്പോൾ നീണ്ടെന്നും വരും. ഗേറ്റ്തുറക്കുമ്പോൾ വാഹനങ്ങൾ അപ്പുറം കടക്കാനുള്ള തത്രപ്പാടിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. ഞെങ്ങിഞെരുങ്ങിയുള്ള യാത്രയ്ക്കിടെ ചിലപ്പോൾ വാഹനങ്ങൾ പാളത്തിൽ കുടുങ്ങുന്നതും പതിവാണ്. ട്രെയിൻ വരുമ്പോൾ ഇത്തരത്തിൽ വാഹനങ്ങൾകുടുങ്ങിക്കിടന്നാൽ വൻ ദുരന്തം ഉണ്ടാകുമെന്ന ഭീതിയുമുണ്ട്.
ഓവർ ബ്രിഡ്ജ് യാഥാർത്ഥ്യമാക്കണം
റെയിൽവേ ഓവർബ്രിഡ്ജ് സ്ഥാപിക്കാതെ യാത്രാദുരിതത്തിന് അറുതിവരില്ലെന്നാണ് യാത്രക്കാർ പറയുന്നത്. 7 വർഷം മുമ്പ് മേൽപ്പാലത്തിനായി സംസ്ഥാനസർക്കാർ ഭരണാനുമതി നൽകിയിരുന്നു. 2017ൽ കിഫ്ബി ഫണ്ടിൽ നിന്നും 37.12 കോടി രൂപയും അനുവദിച്ചു. ഒന്നരവർഷം കഴിഞ്ഞപ്പോൾ റെയിൽവേയും ഓവർബ്രിഡ്ജിന് അനുമതി നൽകി. പദ്ധതിപ്രകാരം വർക്കല-പരവൂർ റോഡിൽ ഇടവ പ്രസ് മുക്കിന് സമീപത്തുനിന്നാരംഭിച്ച് ഇടവ റെയിൽവേ സ്റ്റേഷൻ പള്ളിക്ക് പിന്നിൽ കാപ്പിൽ എച്ച്.എസ്. റോഡിൽ അവസാനിക്കുന്ന വിധത്തിലാണ് മേൽപ്പാലത്തിന്റെ അലൈൻമെന്റ്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടി ആറോളം സ്വകാര്യവ്യക്തികൾ കോടതിയെ സമീപിച്ചു. അലൈൻമെന്റിൽ മാറ്റം വേണമെണ ആവശ്യം ഉയർന്നതോടെ പദ്ധതി വീണ്ടും വൈകി. 2019 ഡിസംബറിൽ പുതുക്കിയ ഡി.പി.ആർ റെയിൽവേയ്ക്ക് സമർപ്പിച്ചു. ഇതിനിടെ സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ നൽകിയിരുന്ന കേസ് തള്ളി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇടവ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്.
റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്ന സമയത്ത് കാൽനടയാത്രക്കാർ പാളം മുറിച്ചുകടക്കാറുണ്ട്. അശ്രദ്ധമായ രീതിയിലാണ് ഇത്തരത്തിൽ ക്രോസ് ചെയ്യുന്നതെങ്കിൽ അപകടം ഉറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |