ന്യൂഡൽഹി: ജമ്മുകാശ്മീരിലെ രജൗരിയിൽ 45 ദിവസത്തിനിടെ മൂന്നു കുടുംബത്തിലെ 17പേർ മരിച്ചത് ഉഗ്രവിഷം ഉള്ളിൽ ചെന്നാണെന്ന് തെളിഞ്ഞതോടെ പാകിസ്ഥാന്റെ പങ്കും അന്വേഷിക്കുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം ഏറ്റെടുക്കും.
നാഡീവ്യൂഹം തകരാറിലായാണ് കുട്ടികളും സ്ത്രീകളുമുൾപ്പെടെ മരിച്ചത്. ഭക്ഷണത്തിൽ വിഷം കലർത്തിയതാകാമെന്നാണ് നിഗമനം. ലഖ്നൗ സി.എസ്.ഐ.ആർ ലാബിലെ പരിശോധനയിലാണ് മരണ കാരണം വിഷവസ്തുവാണെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. എന്തു വിഷമാണെന്നും അത് മരിച്ചവരുടെ ശരീരത്തിൽ എങ്ങനെയെത്തി എന്നുമുള്ള ദുരൂഹത നീക്കാൻ എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തും. ജമ്മുകാശ്മീരിൽ നിന്നുള്ള എം.പിയാണ് സിംഗ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ട് രൂപീകരിച്ച മന്ത്രിതല സമിതി ദിവസങ്ങളായി ബാധൽ ഗ്രാമത്തിലുണ്ട്. ആരോഗ്യ, ജലവിഭവ, കൃഷി, വളം മന്ത്രാലയ പ്രതിനിധികളും കേന്ദ്ര ഫോറൻസിക് ലാബിലെ ഉന്നതതരും സംഘത്തിലുണ്ട്.
മരിച്ചവരുടെ 200 ബന്ധുക്കൾ രജൗരിയിലെ ഒരു നഴ്സിംഗ് കോളേജിൽ ഐസോലേഷനിലാണ്. 1800 പേർ താമസിക്കുന്ന ബാധൽ ഗ്രാമം കണ്ടെയ്ൻമെന്റ് സോൺ ആക്കി. ഗ്രാമം സി.സി ടിവി ക്യാമറാ നിരീക്ഷണത്തിലാണ്. ഗ്രാമവാസികളെ പുറത്തേക്ക് വിടുന്നില്ല. ഭക്ഷണവും വെള്ളവും പുറത്തു നിന്നെത്തിക്കുന്നു. ഇരുന്നൂറിലേറെ ഭക്ഷണ സാമ്പിളുകൾ രാജ്യത്തെ പ്രമുഖ ലാബുകളിൽ പരിശോധനയിലാണ്.
പാകിസ്ഥാനെ സംശയിക്കുന്നത്
ജമ്മുവിൽ അതിർത്തിയോട് ചേർന്ന പ്രദേശമാണ് രജൗരി ജില്ലയിലെ ബാധൽ ഗ്രാമം. സൈന്യത്തിന്റെ കനത്ത നിരീക്ഷണമുള്ളതിനാൽ ഭീകരരെ കടത്തിവിടാൻ കാശ്മീർ അതിർത്തിയേക്കൾ പാകിസ്ഥാൻ ഇപ്പോൾ ഉപയോഗിക്കുന്നത് ജമ്മു വനമേഖലയാണ്. ജമ്മുവിലെ വിവിധ ജില്ലകളിൽ നിന്നു ചെറുപ്പക്കാരെ വശീകരിച്ച് ആയുധവും പരിശീലനവും നൽകി വിടുകയാണ്. ഇവർ സേനാംഗങ്ങളെ മാത്രമല്ല ഗ്രാമീണരെയും ഉന്നംവച്ച് ഒളിയാക്രമണം നടത്തുന്നു. വിഷപ്രയോഗവും പാകിസ്ഥാന്റെ പുതിയ തന്ത്രമാണോയെന്നാണ് സ്വാഭാവികായി ഉയരുന്ന സംശയം.
ആദ്യ മരണം ഡിസം. 7ന്
കഴിഞ്ഞ ഡിസംബർ ഏഴിന് ഒരു ചടങ്ങിൽ ഭക്ഷണം കഴിച്ച ഏഴംഗ കുടുംബത്തിലെ അഞ്ചുപേർ മരിച്ചതോടെയാണ് തുടക്കം. ജനുവരി 19നിടെ മറ്റ് രണ്ട് കുടുംബങ്ങളിലെ 12 പേർ കൂടി മരിച്ചു
പനി, ഛർദ്ദി, ബോധക്ഷയം, തലച്ചോറിൽ വീക്കം തുടങ്ങിയവ ലക്ഷണങ്ങൾ. ജലസ്രോതസിൽ നിന്ന് ഭക്ഷണം വഴി വിഷാംശം ശരീരത്തിൽ എത്തിയെന്നാണ് പ്രധാന സംശയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |