കോഴിക്കോട്: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന 'പോഷ് ' നിയമ പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റി സംവിധാനം എല്ലാ സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന വിമർശനവുമായി വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. കമ്മിഷൻ തുടർച്ചയായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളിൽ കമ്മിറ്റികൾ രൂപീകൃതമായിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ലെന്നാണ് മനസിലാക്കുന്നത്. കൃത്യമായ നിയമാവബോധമുള്ള സമൂഹമായി കേരളം മാറേണ്ടതിന്റെ അനിവാര്യതയാണ് വിവിധയിടങ്ങളിലെ സിറ്റിംഗിൽ നിന്ന് മനസിലാക്കുന്നതെന്നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിത കമ്മിഷൻ കോഴിക്കോട് ജില്ലാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജെൻഡർ റിസോഴ്‌സ് സെന്റർ അനിവാര്യമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
@ വിവാഹേതര ബന്ധങ്ങളിൽ പരാതി പ്രവാഹം
വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എല്ലാ ജില്ലകളിലും ഏറിവരികയാണ് . വിവാഹേതര ബന്ധങ്ങളിലൂടെ കുടുംബ പ്രശ്‌നങ്ങൾ സങ്കീർണമാകുന്ന അവസ്ഥയുണ്ട്. ഇത്തരം പരാതികളിൽ ദമ്പതിമാർക്ക് വനിത കമ്മിഷൻ മുഖാന്തിരം കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനമുണ്ട്. വനിത ശിശു വകുപ്പിന്റെ കൗൺസിലർമാരുടെ സേവനം സിറ്റിംഗുകളിൽ പൂർണമായും ലഭ്യമാക്കുന്നുണ്ട്. തുടർ കൗൺസിലംഗ് ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും കമ്മിഷൻ ഇടപെട്ട് വനിത ശിശുവികസന വകുപ്പ് മുഖാന്തിരം നൽകി വരുന്നുണ്ട്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് പരാതിപ്പെടുന്നവർക്ക് നിയമസഹായത്തിനായി വിമൻ പ്രൊട്ടക്ഷൻ ഓഫീസറുടെ സേവനം ലഭ്യമാണ്.
@ ജാഗ്രതാ സമിതികൾക്ക് 50,000 പാരിതോഷികം
അയൽവീട്ടുകാർ തമ്മിലുള്ള പ്രശ്‌നങ്ങളിൽ സ്ത്രീകൾക്കുനേരെ അസഭ്യവും അധിക്ഷേപ വാക്കുകളും പ്രയോഗിക്കുന്നതായുള്ള ഒട്ടേറെ പരാതികൾ ജില്ലയിൽ കമ്മീഷനു ലഭിച്ചതായി അദ്ധ്യക്ഷ പറഞ്ഞു. ഇത്തരം പരാതികളിൽ റിപ്പോർട്ട് നൽകുന്ന ജാഗ്രത സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കമ്മിഷൻ പറഞ്ഞു. ജാഗ്രത സമിതിയുടെ പരിശീലനവും വനിതാ കമ്മിഷൻ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മികച്ച പ്രവർത്തനം നടത്തുന്ന ജാഗ്രത സമിതിക്ക് വനിതാദിനത്തിൽ 50,000 രൂപയും സർട്ടിഫിക്കറ്റും പാരിതോഷികം നൽകുമെന്ന് അധ്യക്ഷ പറഞ്ഞു.
കോഴിക്കോട് ജില്ലാതല അദാലത്തിൽ 15 പരാതികൾ തീർപ്പാക്കി. ആറ് പരാതകിൾ നിയമ സഹായത്തിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറി. നാല് പരാതികളിൽ പോലീസ് റിപ്പോർട്ട് തേടി. 45 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. വനിത കമ്മിഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷകരായ അബിജ, ശരൺ പ്രേം, കൗൺസലർമാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രൺദീപ്, സി.അവിന, കോഴിക്കോട് വനിത സെൽ സി.പി.ഒ. രമ്യ എന്നിവർ പങ്കെടുത്തു.
@ പുരുഷ കമ്മിഷൻ വേണ്ടേ...?
വനിത കമ്മിഷൻ പ്രവർത്തിക്കുന്നത് കൃത്യമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ അഡ്വ. പി സതീദേവി
പുരുഷ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചില സംഘടനകളും വ്യക്തികളും അഭിപ്രായപ്പെട്ടതായി കാണുന്നുണ്ട്. എന്നാൽ, വനിത കമ്മിഷൻ പ്രവർത്തിക്കുന്നത് കൃത്യമായ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രത്യേക പരിരക്ഷ ആവശ്യമുള്ള വിഭാഗമായാണ് സ്ത്രീകളെ നിയമം കാണുന്നത്. പാർശ്വവത്കൃത ജനവിഭാഗം എന്ന നിലയിൽ പ്രത്യേക നിയമപരിരക്ഷ ആവശ്യമുള്ളവരാണ് സ്ത്രീകൾ എന്നതിന്റെ അടിസ്ഥാനത്തിൽ ഭരണഘടാപരമായാണ് കമ്മീഷൻ രൂപീകരിക്കുന്നത്. 1990 നിലവിൽ വന്ന ദേശീയ വനിതാ കമ്മിഷൻ നിയമ പ്രകാരം 1996ലാണ് കേരള വനിതാ കമ്മീഷൻ രൂപീകൃതമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |