ചാലക്കുടി: മസ്തകത്തിൽ വെടിയേറ്റ ആന അവശ നിലയിലെന്ന കാമ്പയിൻ സാമൂഹിക മാദ്ധ്യമങ്ങളിൽ പരന്നതോടെ, ചാനലുകളും മൃഗസ്നേഹികളും രംഗത്തെത്തിയതോടെ വനംവകുപ്പ് പിടിച്ചത് പുലിവാല്. സംസ്ഥാന വൈൽഡ് ലൈഫ് ആസ്ഥാനത്ത് പരാതി പ്രളയമെത്തിയതോടെ, യുദ്ധസമാന നീക്കങ്ങളായിരുന്നു.
ചികിത്സയ്ക്കുള്ള ദൗത്യസംഘത്തിലേക്ക് ചീഫ് വൈൽഡ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയയെത്തുന്നു. ആകാശ നിരീക്ഷണത്തിന് മലയാറ്റൂർ ഡിവിഷനിലെ ഡ്രോൺ സംവിധാനം. ഇത്രയും സന്നാഹത്തിൽ പരിക്കേറ്റ ഒരു വന്യജീവിയെ പിടികൂടി ചികിത്സിക്കുന്നത് ചാലക്കുടി, വാഴച്ചാൽ ഡിവിഷനിൽ ഇതാദ്യം.
ശേഷം അമ്പതോളം വനം വകുപ്പ് ജീവനക്കാരുടെ കഠിന പ്രയത്‌നവും വലിയ തുക ചെലവാകുന്ന ദൗത്യവും. കാട്ടിനകത്തെ നിരീക്ഷണത്തിൽ രണ്ടോ മൂന്നോ തവണ ആനയെ ഉദ്യോഗസ്ഥർ കണ്ടിരുന്നു. മസ്തകത്തിലെ മുറിവ് കൊമ്പന്മാരുടെ കൊമ്പുകോർക്കലിൽ സ്വാഭാവികമാണെന്ന് അന്നുതന്നെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കേരളകൗമുദി ഇക്കാര്യം റിപ്പോർട്ടും ചെയ്തിരുന്നു. സാധാരണ ഗതിയിൽ ഇതൊന്നും ചികിത്സിക്കാറില്ല. മാത്രമല്ല, ഇത്തരം ചികിത്സ കൊണ്ട് ആന രക്ഷപ്പെടുമെന്ന് ഉറപ്പുമില്ല. മുപ്പത് വയസുള്ള ആനയെ പിടികൂടി ചികിത്സിക്കുന്നത് ഒടുവിൽ ഉദ്യോഗസ്ഥരുടെ അഭിമാനപ്രശ്‌നമായി. കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലെ ഡോ.ബിനോയ് സി.ബാബു, തൃശൂരിലെ ഡോ.ഡേവിസ് എന്നിവർ വിളിച്ചുവരുത്തി ദൗത്യത്തിന് തുടക്കമിട്ടു.
രണ്ട് പതിറ്റാണ്ട് മുമ്പും ദൗത്യം
അമ്പലപ്പാറയിലെ വൈദ്യുതി ഉത്പാദന കേന്ദ്രത്തിന് സമീപം പ്രായമേറിയ ഒരു പിടിയാന തമ്പടിച്ചതും അതിനെ പാട്ടകൊട്ടി ഓടിച്ച് വിട്ട മറ്റൊരു സംഭവമുണ്ടായത് രണ്ടര പതിറ്റാണ്ട് മുമ്പാണ്. തുടർച്ചയായി മൂന്ന് ദിവസമായിരുന്നു ഉദ്യോഗസ്ഥരുടെ ദൗത്യം. പ്രായമേറിയ ആന രണ്ട് ദിവസത്തിനകം പരിസരത്ത് തന്നെ ചരിഞ്ഞു.
ദൗത്യഅംഗങ്ങൾ
വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി നേതൃത്വം നൽകിയ ദൗത്യത്തിൽ നാല് റേഞ്ച് ഓഫീസർമാരും ഉൾപ്പെടും. ജീഷ്മ ജനാർദ്ദനൻ (അതിരപ്പിള്ളി), അഖിൽ (ചാർപ്പ), സൂരജ് (ഷോളയാർ), രാജേന്ദ്രൻ (വാഴച്ചാൽ) എന്നിവരായിരുന്നു ആനയെ പിടികൂടുന്നതിന് നേതൃത്വം നൽകിയ മറ്റ് ഉദ്യോഗസ്ഥർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |