SignIn
Kerala Kaumudi Online
Tuesday, 25 March 2025 7.02 PM IST

കാൻസർ ചികിത്സയ്‌ക്ക് ഗോമൂത്രം സഹായിക്കുമോ? വിദഗ്ദ്ധർ പറയുന്നത്

Increase Font Size Decrease Font Size Print Page
gomutra

അടുത്തിടെയാണ് ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ പെട്ടെന്ന് മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐ ഐ ടി ഡയറക്ടർ വി കാമകോടി രംഗത്തെത്തിയത്. പൊങ്കലിനോടനുബന്ധിച്ച് ചെന്നൈ മാമ്പലത്ത് നടത്തിയ ഒരു ഗോപൂജാ ചടങ്ങിലായിരുന്നു കാമകോടിയുടെ പരാമർശം. തന്റെ പിതാവിന് പനി വന്നപ്പോൾ ഒരു സന്യാസിയുടെ നിർദ്ദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും അതുകഴിഞ്ഞ് പതിനഞ്ചുമിനിട്ട് കഴിഞ്ഞപ്പോൾ പനി മാറിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.


ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനും വയറിലെ ദഹനസംബന്ധമായ പ്രശ്നങ്ങളുൾപ്പെടെ മാറ്റാനും ഗോമൂത്രത്തിനാവുമെന്നും കാമകോടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

വിമർശനവുമായി നേതാക്കൾ


ഐ ഐ ടി മദ്രാസ് ഡയറക്ടർ 'കപടശാസ്ത്രം' പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം വിമർശിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസം തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവ് ടികെഎസ് ഇളങ്കോവൻ ആരോപിച്ചു.

ഗോമൂത്രം കുടിക്കുന്നത് ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകുമെന്ന് ഡോക്‌ടേഴ്സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റിയിലെ ഡോ. ജി ആർ രവീന്ദ്രനാഥ് മുന്നറിയിപ്പ് നൽകി.

ഐ ഐ ടി മദ്രാസ് ഡയറക്ടറുടെ പരാമർശത്തെ ലജ്ജാകരമാണെന്ന് യുക്തിവാദി സംഘടനയായ ദ്രാവിഡർ കഴകം വിശേഷിപ്പിച്ചു. ഇത്തരം അവകാശവാദങ്ങൾ വിശ്വസിക്കരുതെന്ന് ദ്രാവിഡർ കഴകം നേതാവ് കാളി പൂങ്കുന്ദ്രൻ പറഞ്ഞു. ഗോമൂത്രത്തിൽ ഹാനികരമായ ബാക്ടീരിയകളുണ്ടെന്നും അത് കുടിക്കുന്നത് നല്ലതല്ലെന്നും ചില പഠനങ്ങൾ പറയുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മദ്രാസ് ഐ ഐ ടി ഡയറക്ടർക്ക് തന്റെ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും ഗോമൂത്രം കഴിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ബി ജെ പി തമിഴ്‌നാട് ഘടകം നേതാവ് കെ അണ്ണാമലൈ പ്രതികരിച്ചത് കാമകോടിയെ പ്രതിരോധത്തിലാക്കി.


അമേരിക്കയിൽ നടത്തിയ അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ താൻ പങ്കുവയ്ക്കാമെന്നും, അവിടെ ഗോമൂത്രത്തിൽ ഗുണം ചെയ്യുന്ന ഘടകങ്ങൾ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ന്യായീകരിച്ചുകൊണ്ട് കാമകോടി വീണ്ടും രംഗത്തെത്തി.

ഗോമൂത്രം ചികിത്സയ്ക്ക് ഉപയോഗിക്കുന്നതായി ആയുർവേദത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, മോഡേൺ സയൻസിൽ അത്തരം അവകാശവാദങ്ങൾ തെളിയിക്കുന്ന തെളിവുകൾ കുറവാണ്.

കാൻസർ, പ്രമേഹം, ക്ഷയം എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങൾ ഭേദമാക്കാൻ ഗോമൂത്രത്തിന് കഴിയുമെന്ന് അവകാശവാദമുന്നയിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു. എന്നിരുന്നാലും, ഇത്തരം അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'കാൻസറിനെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ പശുവിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ജീവിയുടെ മൂത്രത്തിന് സാധിക്കുമെന്നതിന് തെളിവൊന്നുമില്ല.'മയോ ക്ലിനിക്കിലെ ഡോ. ഡൊണാൾഡ് ഹെൻസ്രൂഡ് വ്യക്തമാക്കി.


ലോകത്ത് കൊവിഡ് വ്യാപിച്ചുകൊണ്ടിരുന്ന സമയത്ത് ഗുജറാത്തിലെ ചിലർ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ച് തങ്ങളുടെ ശരീരമൊട്ടാകെ ചാണകവും മൂത്രവും തേച്ചുപിടിപ്പിക്കാനായി ഗോസംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ഡോ‌ക്ടർ‌മാർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്‌തിരുന്നു.

പശുവിന്റെ ചാണകമോ മൂത്രമോ കൊണ്ട്‌ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും ഇത് പൂർണ്ണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ എം എ) അന്നത്തെ ദേശീയ പ്രസിഡന്റ് ഡോ.ജെ.എ ജയലാൽ പറഞ്ഞിരുന്നു.


'ഇത് കഴിക്കുന്നതിന് അപകടസാദ്ധ്യതകൾ ഉണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം.'- എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ചില ഗവേഷകർ ഗോമൂത്രം ഗുണകരമാണെന്ന് അവകാശപ്പെടുന്നുണ്ട്.

ആയുർവേദ മൾട്ടിഫോർമുലേഷനുകൾ നിർമ്മിക്കാൻ ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഡോ ഗുർപ്രീത് കൗർ രൺധാവ വ്യക്തമാക്കി. 'ഏത് തരത്തിലുള്ള ഗോമൂത്രമാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കേണ്ടതും പ്രധാനമാണ്. ഹൈബ്രിഡ് ഇനങ്ങളിൽ നിന്നുള്ള ഗോമൂത്രമല്ല ഉപയോഗിക്കേണ്ടത്.'- അവർ വ്യക്തമാക്കി.


അതേസമയം, ജി.കെ.വി.കെ.യിലെ അഗ്രികൾച്ചറൽ സയൻസസിലെ യൂണിവേഴ്സിറ്റി ഓഫ് അനിമൽ സയൻസസിൽ നിന്ന് വിരമിച്ച ഡോ. ബി.എൽ. ചിദാനന്ദ, ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ഊന്നിപ്പറഞ്ഞു.

'ഗോമൂത്രം ഒരു വേസ്റ്റ് പ്രൊഡക്ട് ആണെന്നും അത് കഴിക്കാൻ പാടില്ലെന്നും നെഫ്രോളജിസ്റ്റുകൾ വിശ്വസിക്കുന്നു. ഇതിന് NPK (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം), UIGF (unidentified growth factors) എന്നിവയുണ്ട്, ഇത് കാർഷിക ഉപയോഗത്തിനുള്ളതാണ്, മനുഷ്യ ഉപഭോഗത്തിനല്ല.'- അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ എന്തെങ്കിലും നിഗമനത്തിലെത്തുന്നതിന് മുമ്പ് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.

TAGS: CANCER, GOMUTRA, HEALTH, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.