
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ(എൽ.പി.എസ്.സി)ഡയറക്ടറായി എം.മോഹനെ നിയമിച്ചു.ഡോ.വി.നാരായണൻ ഐ.എസ്.ആർ.ഒ ചെയർമാനായതിനെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം.വി.എസ്.എസ്.സിയിൽ പ്രൊജക്ട് ഡയറക്ടറായിരുന്നു.
ആലപ്പുഴ മുല്ലയ്ക്കൽ മഹാദേവൻ– അന്നപൂർണ ദമ്പതികളുടെ മകനായ മോഹൻ 1987ലാണ് ഐ.എസ്.ആർ.ഒയിലെത്തിയത്.2008ൽ ഒന്നാം ചന്ദ്രയാൻ ദൗത്യത്തിൽ ചന്ദ്രനിൽ ഇന്ത്യൻ പതാക പതിപ്പിച്ച മൂൺ ഇംപാക്ട് പ്രോബിന്റെ (എം.ഐ.പി) സിസ്റ്റം ലീഡറായിരുന്നു.ഗഗൻയാൻ ദൗത്യത്തിനു നേതൃത്വം നൽകുന്ന ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ ഡയറക്ടർ, വി.എസ്.എസ്.സിയിൽ വിവിധ വിഭാഗങ്ങളിലായി അസോസിയേറ്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ജി.എസ്.എൽ.വി റോക്കറ്റിന്റെ പ്രോജക്ട് ഡയറക്ടർ, എൽ.പി.എസ്.സിയിൽ ക്രയോജനിക് അപ്പർ സ്റ്റേജിന്റെ പ്രോജക്ട് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. 2016ൽ ഐ.എസ്.ആർ.ഒ പെർഫോമൻസ് എക്സലൻസ് അവാർഡും 2010ൽ ഇസ്രൊ മെരിറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്.
ഭാര്യ ദീപ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ്). മക്കൾ: മദൻ (എൻജിനിയർ, യു.കെ), മാധവ് (എൻജിനിയർ, തിരുവനന്തപുരം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |