ന്യൂഡൽഹി : റിക്രൂട്ട്മെന്റ് മാത്രമാണ് പി.എസ്.സിക്കുള്ള അധികാരമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഒഴിവുകൾ, അവയിൽ എത്രയെണ്ണം നികത്തണം തുടങ്ങിയവ സംസ്ഥാന സർക്കാരിന്റെ അധികാരമാണെന്ന നിലപാടിലും ഉറച്ചുനിന്നു. മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് രണ്ട് തസ്‌തികയുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഹർജി സമർപ്പിച്ചത് ഈഗോ കാരണമാണോയെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പി.എസ്.സിയുടെ അഭിഭാഷകനോട് ചോദിച്ചു.
പുതുതായി വന്ന ഒഴിവുകൾ നികത്താനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് - രണ്ട് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് സംസ്ഥാന സർക്കാർ പി.എസ്.സിക്ക് നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശം പാലിക്കാൻ പി.എസ്.സി തയ്യാറായില്ല. ഈ നടപടി കേരള ഹൈക്കോടതി അംഗീകരിച്ചെങ്കിലും സുപ്രീംകോടതി തള്ളുകയായിരുന്നു. റിക്രൂട്ട്മെന്റ് നടപടികളെ സഹായിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതാണ് പി.എസ്.സിയുടെ പ്രാഥമിക ചുമതല. സുതാര്യതയും മെരിറ്റ് അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്മെന്റും ഉറപ്പാക്കുകയെന്നതാണ് ഉത്തരവാദിത്തം.
സംസ്ഥാന സർക്കാരാണ് തൊഴിലുടമ. ഏതു തസ്‌തികയിൽ എത്ര ഒഴിവുണ്ടെന്നും എത്രയെണ്ണം നികത്തണമെന്നും നിശ്ചയിക്കാനുള്ള പ്രത്യേകാവകാശം സർക്കാരിനാണ്. ഈ അടിസ്ഥാനപരമായ വ്യത്യാസം മനസിലാക്കാൻ ഹൈക്കോടതിക്ക് സാധിച്ചില്ല. അതിനാലാണ് തെറ്റായി വ്യാഖ്യാനിച്ച് പി.എസ്.സിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ നിലപാട് ഇന്നലെയും ആവർത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |