തിരുവനന്തപുരം:ബാലരാമപുരം കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ രണ്ടുവയസുള്ള മകൾ ദേവേന്ദുവിനെ കൊലപ്പെടുത്തിയതിന്റെ കാരണം കണ്ടെത്താനാവാതെ പൊലീസ്. പ്രതിയായ കുട്ടിയുടെ അമ്മാവൻ ഹരിയ്ക്ക്(25) മാനസികാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.താനാണ് കൃത്യം ചെയ്തതെന്ന് പ്രതി പറയുന്നുണ്ട്.
എന്നാൽ എന്തിനാണ് കൊന്നതെന്ന് വ്യക്തമായി പറയുന്നില്ല. ഇന്നലെ വൈകിട്ട് പ്രതിയുമായി കൃത്യം നടന്ന വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.വീട്ടുവളപ്പിലെ കിണറ്റിലെറിഞ്ഞാണ് കൊന്നത്.
രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് നെയ്യാറ്റിൻകര ജയിലിലേക്ക് മാറ്റി. വീണ്ടും ചോദ്യം ചെയ്യാൻ ബാലരാമപുരം പൊലീസ് ഇന്ന്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
പ്രതി കരയും,ചിരിക്കും,
പൊലീസിനോട് തട്ടിക്കയറും
രാവിലെ 9 മുതൽ ചോദ്യം ചെയ്യൽ ആരംഭിച്ചു.എന്തിന് കൊലപ്പെടുത്തിയതെന്ന് ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു ഉത്തരം. ചോദ്യം ആവർത്തിച്ചപ്പോൾ, പരസ്പരം ബന്ധമില്ലാത്ത മറുപടികൾ നൽകി. ഉൾവിളി കൊണ്ടാണ് കൊലപാതകം ചെയ്തെന്നാണ് പറഞ്ഞു, പിന്നീടത് മാറ്രി. സഹോദരി ശ്രീതുവിനെക്കുറിച്ച് ചോദിച്ചപ്പോഴും പരസ്പരം ബന്ധമില്ലാത്ത മറുപടികളായിരുന്നു.ഹരിയ്ക്ക് മാനസികാസ്വസ്ഥ്വമുണ്ടെന്ന് കുടുംബം പറഞ്ഞിരുന്നതായും പൊലീസ് വെളിപ്പെടുത്തി.ഇടയ്ക്ക് കരയും,പിന്നീട് ചിരിക്കും.ചോദ്യം ചെയ്തു കഴിയുമ്പോൾ പൊലീസിനോട് തട്ടികയറും.വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നില്ല.
തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്.സുദർശൻ,നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി ബാലരാമപുരം എസ്.എച്ച്.ഒ ധർമ്മജിത്ത് പി.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതി ഹരിയെ ചോദ്യം ചെയ്തത്.
ജ്യോത്സ്യനെ ചോദ്യം ചെയ്തു
36 ലക്ഷം രൂപ തട്ടിയെടുത്തെന്ന് മരിച്ച ബാലികയുടെ മാതാവ് ശ്രീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരിയ്ക്കകം സ്വദേശി ശംഖുംമുഖം ദേവിദാസൻ എന്ന എസ്.പ്രദീപ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജ്യോത്സ്യനായ ഇയാൾ ശ്രീതുവിന്റെ വീട്ടിലെത്തി മന്ത്രവാദം ചെയ്തെന്നും പണം തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. മന്ത്രവാദം നടത്തിയത് ആറു മാസം മുമ്പാണെന്നാണ് സൂചന.വീടു വയ്ക്കാനായി കടം കൊടുത്തതാണെന്നും സംശയമുണ്ട്. ഇയാൾക്ക് കൊലപാതകവുമായി നിലവിൽ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
`ഹരിയാണ് കൃത്യം നടത്തിയതെന്ന് ഏതാണ്ട് സമ്മതിച്ചിട്ടുണ്ട്.അന്വേഷണത്തോട് സഹകരിക്കുന്നില്ല.മൊഴികൾ മാറ്റിയാണ് പറയുന്നത്.കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്'.
-കെ.എസ്.സുദർശൻ,
റൂറൽ എസ്.പി
വെല്ലുവിളിയായി അന്വേഷണം,തെളിവ്
തിരുവനന്തപുരം:ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞ് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ നിസഹകരണം കാരണം അന്വേഷണവും തെളിവ് ശേഖരിക്കലും വെല്ലുവിളിയായി.
ശാസ്ത്രീയ,ഫോറൻസിക്ക്,സൈബർ തെളിവുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.പാറശാല ഷാരോൺ കേസും ശാസ്ത്രീയ,സാഹചര്യ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണ സംഘത്തിന് തെളിയിക്കാനായത്.ഹരിയുടെ മുൻകാല ചരിത്രവും പൊലീസ് തിരയുന്നുണ്ട്. ബന്ധുക്കളുടെ മൊഴികൾ അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല.ഹരിയും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് വിവരം. ഇവർ തമ്മിലുള്ള വാട്സാപ്പിലെ ചാറ്റുകളിലും ഇത് തെളിയിക്കുന്ന വിവരങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഫോറൻസിക്ക് തെളിവുകൾ
കൊല്ലപ്പെട്ട കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന നടത്തും.കുഞ്ഞിന്റെ ശരീരത്തിൽ
ഉണ്ടായ വിരലയടാളം ഉൾപ്പെടെ സൂക്ഷമായി പരിശോധിക്കും.
പ്രതിയുടെ വിരലടയാളം പരിശോധിക്കും. പ്രതിയുടെ ഡി.എൻ.എയും പരിശോധിച്ചേക്കും.
കുട്ടിയുടെ പോസ്റ്റുമോർട്ടത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലും പരിശോധന
സാഹചര്യ തെളിവുകൾ
പ്രതി ഹരിയുടെ പശ്ചാത്തലം
സാക്ഷി മൊഴികൾ
ഡിജിറ്റൽ തെളിവുകൾ
പ്രതിയുടെ ഫോൺ കോളുകളുടെ വിശദമായ പരിശോധന. വാട്സാപ്പ് ചാറ്റുകൾ.പ്രതി ഫോണിൽ നിന്ന് മായ്ച്ചു കളഞ്ഞ രേഖകൾ ഉണ്ടെങ്കിൽ അത് സൈബർ സെൽ വഴി വീണ്ടെടുക്കൽ
സംശയമുള്ളവരുടെ ഫോണുകളും പരിശോധിക്കും
ജോലി ചെയ്തിരുന്ന
സ്ഥലം തേടി പൊലീസ്
പ്രതി ഹരി മുൻപ് ജോലി ചെയ്തിരുന്ന സ്ഥലം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് സൂചനകളുണ്ട്.ഇന്നലെ കസ്റ്റഡിയിലായ ശംഖുംമുഖം ദേവീദാസൻ എന്ന എസ്.പി പ്രദീപ്കുമാറിന്റെ അസിസ്റ്റന്റായി ഹരിജോലി ചെയ്തെന്നും അഭ്യൂഹമുണ്ട്.ഇതും അന്വേഷിക്കും.
സാമ്പത്തിക ഇടപാടുകളിലും ദുരൂഹത
തിരുവനന്തപുരം: ശ്രീതുവിന്റെയും ഹരികുമാറിന്റെയും സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ശ്രീതു ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയതുക കടം വാങ്ങിയിരുന്നു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്തുന്നതിനും ശ്രമിച്ചതായി സൂചനയുണ്ട്. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പണം കടം നൽകിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകർന്നു തുടങ്ങിയതിനാൽ കോട്ടുകാൽകോണത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണ ശേഷം വഴിപാടെന്ന പേരിൽ മകൾ ദേവനന്ദയുടെ തല മൊട്ടയടിച്ചിരുന്നു. പിന്നാലെ ശ്രീതുവും തല മൊട്ടയടിച്ചു. തനിക്ക് കാൻസറാണെന്ന് ചില ബന്ധുക്കളോട് ശ്രീതു പറഞ്ഞതായും വിവരമുണ്ട്.
ശംഖുംമുഖം ദേവീദാസനെ
സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം:ബാലരാമപുരത്ത് കിണറ്റിലെഞ്ഞ് കൊന്ന രണ്ടു വയസുകാരി ദേവേന്ദുവിനെ മാതാവ് ശ്രീതുവിന്റെ സാമ്പത്തിക വഞ്ചനക്കേസ് പരാതിയിൽ കസ്റ്റഡിയിലെടുത്ത ശംഖുംമുഖം ദേവീദാസനെന്ന പ്രദീപ്കുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പാരലൽ കോളജ് അദ്ധ്യാപകനായിരുന്ന പ്രദീപ് കുമാർ. പിന്നീട് എസ്.പി.കുമാർ എന്ന പേരിൽ കാഥികനായി.അതിന് ശേഷം മുട്ട കച്ചവടം തുടങ്ങി.സംസ്കൃതം വശമുണ്ടായിരുന്ന പ്രദീപ് പിന്നീട് ശംഖുമുഖം ദേവീദാസൻ എന്ന പേരിൽ ജ്യോതിഷിയുമായി മാറുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ശ്രീതുവിന്റെയും ഹരിയുടെയും കുടുംബം അന്ധവിശ്വാസികളാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ദേവിദാസന്റെ അനുയായികളായിരുന്നു ശ്രീതുവും ഹരികുമാറും എന്നാണ് വിവരം.ഹരികുമാർ ഒന്നര വർഷത്തോളം ഇയാളുടെ കീഴിൽ ജോലി ചെയ്തിരുന്നെന്നും പറയുന്നുണ്ട്. ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ഗുരുവായ മന്ത്രവാദിക്കു നൽകി.ഈ പണം തട്ടിച്ചതായി പേട്ട സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.
പ്രകോപിതരായി നാട്ടുകാർ
ബാലരാമപുരം: ഹരികുമാറിനെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ പ്രകോപിതരായി.ഇവനെ കൊല്ലണമെന്ന് ആക്രോശിച്ച് മുന്നോട്ട് എത്തിയ നാട്ടുകാരിൽ നിന്നും ഏറെ പണിപ്പെട്ടാണ് പൊലീസ് യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റി വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് പോയത്. ഉച്ചയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസ് പദ്ധതി . എന്നാൽ സംഘർഷസാദ്ധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് വിവരത്തെ തുടർന്ന് വൈകിട്ടോടെയാണ് എത്തിച്ചത്. ഹരികുമാർ സ്ഥലത്തെത്തിയതും നാട്ടുകാർ പ്രകോപിതരായി. പൊലീസ് പണിപ്പെട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |