തിരുവനന്തപുരം : ക്യാൻസർ ബാധിതർ ഒരിക്കലും ഒറ്റപ്പെടുന്നില്ലെന്നും സർക്കാരും പൊതുസമൂഹവും അവരോടൊപ്പമുണ്ടെന്ന ആത്മവിശ്വാസം പകരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'ആരോഗ്യം ആനന്ദം - അകറ്റാം അർബുദം" എന്ന ക്യാൻസർ പ്രതിരോധ ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പ് നടത്തിയ ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗിന്റെ ആദ്യഘട്ടത്തിൽ ഒൻപത് ലക്ഷം പേർക്കും, രണ്ടാംഘട്ടത്തിൽ രണ്ടു ലക്ഷം പേർക്കും ക്യാൻസർ സാദ്ധ്യത കണ്ടെത്തി. ഇവരിൽ ഒന്നാം ഘട്ടത്തിൽപ്പെട്ട 1.5ലക്ഷംപേരും രണ്ടാംഘട്ടത്തിൽപ്പെട്ട 40,000പേരും മാത്രമാണ് തുടർപരിശോധനയ്ക്ക് തയ്യാറായത്. രോഗസാദ്ധ്യത തിരിച്ചറിഞ്ഞിട്ടും തുടർപരിശോധനയ്ക്കും ചികിത്സയ്ക്കും നേരെ മുഖം തിരിക്കുന്നത് നമ്മുടെ നാടിന് ചേരുന്ന പ്രവണതയല്ല. ഒരുവർഷത്തിനുള്ളിൽ ക്യാൻസർ സാദ്ധ്യതയുള്ള മുഴുവൻ പേരെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ക്യാൻസർ ഗ്രിഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ക്യാമ്പെയിൻ പ്രവർത്തനങ്ങൾക്കായി എസ്.ബി.ഐ നൽകുന്ന ഒരു കോടിരൂപയുടെ ചെക്ക് ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരി കൈമാറി. മന്ത്രി കെ.രാജൻ, ചലച്ചിത്ര താരം മഞ്ജു വാര്യർ,മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ ആന്റണി രാജു, വി.ശശി, സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ക്യാൻസർ വിദഗ്ദ്ധൻ ഡോ.എം.വി.പിള്ള, നവകേരളം കർമ്മപദ്ധതി മിഷൻ കോഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ, ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ.എൻ.ഖോബ്രഗഡെ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന എന്നിവർ സംസാരിച്ചു.
ക്യാൻസറിനെ തോൽപ്പിച്ച അമ്മ
എന്റെ പ്രതീക്ഷ : മഞ്ജു വാര്യർ
തിരുവനന്തപുരം : ക്യാൻസറിനെ ചിരിയോടെ ചെറുത്തുതോൽപ്പിച്ച് കൂടുതൽ ഊർജ്ജസ്വലതയോടെ ജീവിതം ആസ്വദിക്കുന്ന അമ്മയാണ് തന്റെ മുന്നോട്ടുള്ള ജീവിതത്തിലെ പ്രതീക്ഷയെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു. അച്ഛനും അമ്മയ്ക്കും ക്യാൻസർ ബാധിച്ചു. അച്ഛൻ പലവട്ടം രോഗത്തോട് പോരാടി. ക്യാൻസർ എന്ന് കേൾക്കുമ്പോൾ അതിനപ്പുറം ജീവിതമില്ലെന്നാണ് പലരുടെയും ചിന്ത. കൃത്യമായ സമയത്ത് കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകാൻ സാധിച്ചതിലാണ് അമ്മയ്ക്ക് സ്തനാർബുദത്തെ ചെറുത്ത് തോൽപ്പിക്കാനായത്.ക്യാൻസർ എന്ന രോഗത്തേക്കാൾ അപകടകാരി അതേക്കുറിച്ചുള്ള തെറ്റായ വിചാരങ്ങളാണെന്നും മഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |