മൂവാറ്റുപുഴ: നഗരമദ്ധ്യത്തിൽ അരയാലും ആര്യവേപ്പും ഒരുമിച്ച് വളരുന്നത് കൗതുകമാകുന്നു. അരയാലും ആര്യവേപ്പും വരനും വധുവുമാണെന്ന വിശ്വാസമാണ് ഈ കൗതുകത്തിന് കാരണം. വിവാഹിതരാകാത്ത വരനും വധുവും നഗര മദ്ധ്യത്തിൽ തൊട്ടുരുമ്മി നിൽക്കുന്നത് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് എം.സി റോഡിലെ മീഡിയനിലാണ്.
വേപ്പ് അരയാലിന്റെ പത്നിയാണെന്നാണ് സങ്കല്പം. ഈ വിശ്വാസത്തോടെ ചിലർ രാവിലെ ഈ മരങ്ങളെ പ്രദക്ഷിണം ചെയ്ത വന്ദിക്കുന്നത് കാണാറുണ്ടെന്ന് സമീപത്ത് തട്ടുക്കട നടത്തുന്ന പി.കെ. മൈതീൻ പറഞ്ഞു.
15 വർഷങ്ങൾക്കു മുമ്പാണ് ഇവിടത്തെ ഓട്ടോ ഡ്രൈവർമാരും ഹോട്ടലുടമ ഷാജിയും ചേർന്ന് ആര്യവേപ്പും അരയാലും മറ്റു ചില മരങ്ങളും നട്ടത്. തുടർന്ന് വെള്ളവും വളവും നൽകി അവർ പരിപാലിച്ചു. അതിനിടെ നഗരസഭ അധികൃതർ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങൾ വെട്ടിമാറ്റാൻ എത്തി. എന്നാൽ അരയാലും ആര്യവേപ്പും വെട്ടിമാറ്റാൻ അനുവദിക്കില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞതോടെ നഗരസഭ അധികൃതർ മടങ്ങിപ്പോയി.
മാംഗല്യം നടന്നിട്ടില്ലെങ്കിലും തിരക്കേറിയ മൂവാറ്റുപുഴ നഗര മദ്ധ്യത്തിൽ അരയാലും ആര്യവേപ്പും ഇളംകാറ്റിൽ ശാഖകൾ പരസ്പരം തഴുകി പ്രണയത്തോടെ വളരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |