SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.29 AM IST

പഴയ സർക്കാർ വാഹനങ്ങളെല്ലാം മാറ്റിവാങ്ങാൻ 100 കോടി, പുത്തൻ കെഎസ്‌ആർ‌ടിസി ബസുകൾ വാങ്ങാൻ 107 കോടി

ksrtc

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പഴയ സർക്കാർ വാഹനങ്ങൾ മാറ്റി പകരം പുതിയവ വാങ്ങാൻ 100 കോടിരൂപ ബഡ്‌ജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ഒപ്പം 178.98 കോടി രൂപ കെഎസ്‌ആർ‌ടിസിയ്‌ക്കും അനുവദിച്ചു. ഇതിൽ 107 കോടി രൂപ ആധുനിക ബിഎസ്‌6 ഡീസൽ ബസുകൾ വാങ്ങാനാണ് ഉപയോഗിക്കുക.

അതിവേഗ റെയിൽപാത സംസ്ഥാനത്ത് കൊണ്ടുവരാനുള്ള ശ്രമം ഇനിയും തുടരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ എംഎൽഎമാർക്ക് അടുത്ത വർഷത്തെ ബഡ്‌ജറ്റ് സമ്മേളനത്തിന് വീതിയേറിയ ആറുവരി പാതയായ ദേശീയപാതയിലൂടെ തിരുവനന്തപുരത്ത് വരാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. ഒരിക്കലും നടപ്പാക്കാനാകില്ലെന്ന് പ്രഖ്യാപിച്ച 2016ന് മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.

ഈ വർഷം അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മലയോര ഹൈവേയും തീരദേശ ഹൈവേയും യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനം വേഗത്തിൽ നടക്കുകയാണ്. പൊന്മുടിയിൽ റോപ്പ്‌വേ സാദ്ധ്യതാ പഠനത്തിന് 50 ലക്ഷം രൂപ വകയിരുത്തി. അതിവേഗം വളർച്ചയുടെ ഘട്ടത്തിലാണ് കേരളമെന്നും പ്രതിസന്ധിയെ അതിജീവിച്ച് ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

തലസ്ഥാന ജില്ലയുടെ വികസനക്കുതിപ്പിന് കരുത്തേകാൻ സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് നിർമ്മിക്കാനുള്ള നടപടികൾ ഈ വർഷം തന്നെ തുടങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കോഴിക്കോട് മെട്രോയും യാഥാർത്ഥ്യമാക്കുമെന്ന് പറഞ്ഞ ധനമന്ത്രി കൊച്ചി മെട്രോയുടെ വികസനം തുടരുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. വിഴിഞ്ഞം അനുബന്ധ പ്രവർത്തനങ്ങൾക്ക് മുൻഗണനയെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ അലൈൻമെന്റ് ഈ മാസം അവസാനത്തോടെ സംസ്ഥാന സർക്കാർ അംഗീകരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇതിനകം നിരവധി അലൈൻമെന്റ് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്രയാണ് വ്യക്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, STATE GOVT, VEHICLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA