ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെ സെക്രട്ടേറിയറ്റിൽ നിന്ന് ഫയലുകൾ, രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവ കൊണ്ടുപോകുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി അധികൃതർ. മാത്രമല്ല സെക്രട്ടേറിയറ്റിന്റെ എല്ലാനിലകളിലും സ്വകാര്യ സുരക്ഷാ ഗാർഡുകളെ നിയോഗിക്കുകയും സിസിടിവി നിരീക്ഷണം കർശനമാക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
രേഖകളും ഫയലുകളും സംരക്ഷിക്കാനാണ് നടപടിയെന്ന് ജനറൽ അഡ്‌മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പറയുന്നുണ്ടെങ്കിലും മുൻ മന്ത്രിസഭയിലെ അംഗങ്ങളെയും എംഎൽഎമാരെയും കുടുക്കാനുള്ള തെളിവുകൾ കണ്ടെത്താനാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. വിവാദ മദ്യനയം, മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും ഇനിയും വെളിയിൽ വരാനുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങൾ പറയുന്നത്.
നിലവിലെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾക്കും നിരോധനം ബാധകമാണ്. വ്യക്തമായ രേഖകളും ഉദ്ദേശ്യവും വെളിപ്പെടുത്താത്ത ആരെയും സെക്രട്ടേറിയറ്റിലോ പരിസരപ്രദേശത്തോ കടത്തരുതെന്നും നിർദ്ദേശമുണ്ട്. ബിജെപി വിജയിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റ് പൂർണമായും സീൽ ചെയ്തു എന്നതരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളും അധികൃതർ തളളിക്കളഞ്ഞു. രേഖകളും രഹസ്യ ഫയലുകളും നഷ്ടപ്പെടാതിരിക്കാനുളള മുൻകരുതൽ എന്നാണ് പുതിയ ഉത്തരവിനെപ്പറ്റി അധികൃതർ പറയുന്നത്. എന്നാൽ പുതിയ നിയന്ത്രണത്തെക്കുറിച്ച് ആം ആദ്‌മി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഭരണത്തിലിരുന്ന ആം ആദ്‌മി പാർട്ടി ദയനീയമായി പരാജയപ്പെടുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും ആം ആദ്‌മിയുടെ എല്ലാമെല്ലാമായ അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ളവർ തോൽക്കുകയും ചെയ്തിരുന്നു. 70 നിയമസഭ സീറ്റുകളിൽ 48 ഇടത്തും ബിജെപി കത്തിക്കയറി. 2020ൽ അവർക്ക് കിട്ടിയത് എട്ട് സീറ്റ് മാത്രമായിരുന്നു. അന്ന് 62 സീറ്റ് നേടിയ ആപ്പിനെ ബി.ജെ.പി ഇത്തവണ 22 സീറ്റിൽ ഒതുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |