വീട്ടിനുള്ളിലേക്ക് പാമ്പ് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചിന്തിച്ചിട്ടുണ്ടോ? വീട് നിർമ്മാണം മുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. വീട്ടിനുള്ളിലേക്ക് പാമ്പ് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന വിഷയത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററും സർപ്പ, സംസ്ഥാന നോഡൽ ഓഫീസറുമായ വൈ. മുഹമ്മദ് അൻവറും ഹെർപെറ്റോളജിസ്റ്റും ഗവേഷകനുമായ ഡോ. സന്ദീപ് ദാസും പറയുന്നത് എന്തൊക്കെയാണെന്ന് നോക്കാം.
'വീടിന്റെ നിർമ്മാണപരമായ ചില കാര്യങ്ങളുണ്ട്. വീടിന്റെ മുൻവാതിലിനും പിൻവാതിലിനും ഇടയിൽ ഒരുതരത്തിലുള്ള വിടവും ഉണ്ടാകാൻ പാടില്ല. ചെറിയ വിടവിലൂടെ പോലും വലിയ പാമ്പുകൾ വീടിന്റെ അകത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ട്. വീടിന്റെ കട്ടിളയ്ക്ക് അടിയിൽ പടിയില്ലെങ്കിൽ ഒരു മാറ്റ് ഇട്ട് അടച്ചുവയ്ക്കാൻ ശ്രദ്ധിക്കണം. ചെറിയ ജീവികൾ പോലും അകത്തേക്ക് കടക്കാത്ത രീതിയിൽ അടച്ചുവയ്ക്കണം.
വീടിന്റെ എയർഹോളുകളിലൂടെയും പാമ്പ് അകത്തേക്ക് കടക്കാം. വീട്ടിലേക്കുള്ള പല കേബിളുകൾ എയർഹോളിലൂടെയാണ് എടുക്കുന്നതെങ്കിൽ അതുവഴി പാമ്പ് വീടിന്റെ അകത്തേക്ക് വരാനുള്ള സാദ്ധ്യതയുണ്ട്. വീടിന് മുകളിലേക്ക് മരങ്ങളോ വള്ളിച്ചെടികളോ പടർന്നുകയറാതിരിക്കാൻ ശ്രദ്ധിക്കുക. അതിന് മുകളിലൂടെ പാമ്പുകൾ വീടിനകത്തേക്ക് വന്നേക്കാം. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, വീട്ടിൽ വളർത്ത് മൃഗങ്ങൾ ഉണ്ടെങ്കിൽ ഇവ ചിലപ്പോൾ വീടിന് പുറത്തുള്ള ചെറിയ പാമ്പുകളെ അകത്തേക്ക് കൊണ്ടുവരും. കുട്ടികളൊക്കെയുള്ള വീടാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
ബെഡ്റൂമിലൊക്കെ ചിലപ്പോൾ വളർത്തുമൃഗങ്ങൾ പാമ്പിനെ കടിച്ചുകൊണ്ടിടാൻ സാദ്ധ്യത ഏറെയാണ്. എത്ര പുതിയ വീടാണെങ്കിലും ചെറിയ മാളങ്ങളൊക്കെ ഉണ്ടെങ്കിൽ അതൊക്കെ എത്രയും പെട്ടെന്ന് അടച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷണത്തിന്റെ മാലിന്യങ്ങളൊക്കെ ഒരിക്കലും അലക്ഷ്യമായി വലിച്ചുവാരിയിടാതിരിക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ എലികൾ വരും. എലി വന്നാൽ പിന്നെ അതിനെ പിടിക്കാൻ പാമ്പ് അതിന്റെ പുറകെ വരും. എലി ഉണ്ടാക്കുന്ന മാളങ്ങളിലായിരിക്കും പിന്നീട് പാമ്പുകൾ സ്ഥിരമായി താമസിക്കുക'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |