കോട്ടയം : വേനൽ കടുത്തതോടെ കുടിവെള്ളവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത് മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. കാട്ടാന മുതൽ കാട്ടുപന്നി വരെ ഇക്കൂട്ടത്തിലുണ്ട്. പെരുവന്താനം, കോരുത്തോട്,വണ്ടൻപതാൽ, കണമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ, നെടുംകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷം. ഏക്കർ കണക്കിന് കൃഷി ഇതിനോടകം നശിപ്പിച്ചു. കാപ്പിക്കുരവും ചക്കയും ഓമക്കയുമെല്ലാം മലയണ്ണാൻ തിന്നുകയാണ്. കുരങ്ങനും കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കുന്നു. നഗരമേഖലകളിലടക്കം ഉടുമ്പ്, മരപ്പട്ടി, നീർനായ എന്നിവയും ദുരിതം വിതക്കുകയാണ്. കാട്ടാനകളെ നിയന്ത്രിക്കാൻ സോളാർ വൈദ്യുതിവേലി, കിടങ്ങുകൾ എന്നിവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങളും പാഴ്‌വാക്കായി. ആറുകളിലടക്കം പതിവായി ആനക്കൂട്ടമെത്താറുണ്ടെന്നാണ് പറയുന്നത്. ഇതോടെ കുളിക്കാനും മറ്റും ആറ്റിലിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
തോക്കെടുത്ത് പഞ്ചായത്തുകൾ
കാട്ടുപന്നികളെ തുരത്താൻ നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകൾ തോക്കെടുത്തു. നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് പഞ്ചായത്ത് ലൈസൻസുള്ള ഷൂട്ടർമാരെ കണ്ടെത്തി നിയോഗിച്ചത്. നെടുങ്ങാടപ്പള്ളി, ഇരുപ്പക്കൽ, ശാന്തിപുരം, ഉമ്പിടി, ചമ്പക്കര തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി കപ്പ, ഏത്തവാഴ, പച്ചക്കറി, റബർതൈകൾ, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചിരുന്നു. ടാപ്പിംഗ് നടക്കാതെ റബർത്തോട്ടങ്ങൾ കാടുയറിക്കിടക്കുന്നതാണ് കാട്ടുപന്നികൾ പെരുകാൻ കാരണം. കർഷകർക്കുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരവും തുച്ഛമാണ്. വർഷങ്ങൾക്ക് മുമ്പേ നിശ്ചയിച്ച നിരക്കാണ് നൽകുന്നത്.
ഭയന്ന് വിറച്ച് ഇനി എത്രനാൾ
റോഡുകളിൽ കാട്ടുപന്നികൾ നിലയുറപ്പിക്കുന്നു
ഇരുചക്രവാഹനയാത്രക്കാർക്ക് അപകടഭീഷണി
പുലർച്ചെ ടാപ്പിംഗിന് പോകാനാകാതെ തൊഴിലാളികൾ
രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നത് ഭീതിയോടെ
കർഷകർക്ക് തോക്ക് ലൈസൻസ് നൽകണമെന്നാവശ്യം
കഴിഞ്ഞ വർഷം : 30 ലക്ഷം രൂപയുടെ കൃഷിനാശം
''നാളുകളായി കർഷകർ ദുരിതത്തിലാണ്. രണ്ട് ഷൂട്ടർമാരെയാണ് നിലവിൽ പഞ്ചായത്ത് നിയോഗിച്ചിത്. ഇവരുടെ സേവനം ആർക്ക് വേണമെങ്കിലും ലഭിക്കും. കാട്ടുപന്നി ശല്യം ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കും.
(നെടുംകുന്നം പഞ്ചായത്ത് അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |