വള്ളിക്കോട് : ലഹരി വല്പന ചോദ്യം ചെയ്ത യുവാവിനും വീട്ടുകാർക്കും നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. വള്ളിക്കോട് വാലുപറമ്പിൽ കൃഷ്ണകൃപ വീട്ടിൽ ബിജുവിന്റെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രിയിൽ ആക്രമണം നടന്നത്. ഇരുളിന്റെ മറവിൽ വീടിന്റെ ജനൽ ചില്ലുകളും മുറ്റത്ത് കിടന്ന കാറും അടിച്ച് തകർത്ത അക്രമി സംഘം സിറ്റൗട്ടിൽ ഉണ്ടായിരുന്ന ചെടിച്ചട്ടികളും നശിപ്പിച്ചു. ബഹളം കേട്ട് വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ബിജുവിനെയും ഭാര്യ രാജിയെയും മകൻ ഗൗതകൃഷ്ണയെയും സംഘം മർദ്ദിച്ചു. ബിജു കൃഷി ചെയ്യുന്ന ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗും അക്രമിസംഘം ഭാഗികമായി നശിപ്പിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപെട്ടു. ചന്ദനപ്പള്ളി സ്വദേശികളായ വിമൽ,അഭിജിത്ത് എന്നിവർക്കെതിരെ വീട്ടുകാർ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് കഞ്ചാവും മയക്കുമരുന്ന് വില്പനയും മദ്യപാനവും പതിവാണ്. ഇതിനെ ചോദ്യം ചെയ്തതിന്റെ പ്രതികാരണമാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുകാർ ആരോപിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങളെ ഉൻമൂലനം ചെയ്യാൻ പൊലീസിന്റെയും എക്സൈസിന്റെയും കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ആവശ്യപ്പെട്ടു. പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |