മലപ്പുറം: നഗരസഭയിലെ പൊളിച്ചുപോയ കെട്ടിടങ്ങൾക്കും നികുതി അടയ്ക്കാൻ ഡിമാൻഡ് നോട്ടിസ് നൽകുന്നതായി കൗൺസിലർമാർ. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് പരാതിയുമായി അംഗങ്ങൾ രംഗത്തെത്തിയത്. കെട്ടിട നികുതി പിരിവ് ഊർജിതമാക്കുന്നതിന്റെ ഭാഗമായി നികുതി അടയ്ക്കാൻ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥാപനങ്ങൾക്കും വീടുകൾക്കും ഡിമാൻഡ് നോട്ടീസ് നൽകൽ ആരംഭിച്ചിട്ടുണ്ട്. ചിലർക്കു മുമ്പുണ്ടായിരുന്ന വീട്, കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതിനും നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചു പൊതുജനങ്ങൾ പരാതിയുമായി കൗൺസിൽ അംഗങ്ങളെ സമീപിച്ചതോടെയാണ് പരാതി യോഗത്തിൽ ഉന്നയിച്ചത്. ഇതിനു പരിഹാരം വേണമെന്നാണ് അംഗങ്ങളുടെ ആവശ്യം. കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ വിവരം നേരത്തെ നഗരസഭയെ അറിയിച്ചവയ്ക്കും വീണ്ടും നോട്ടിസ് നൽകുകയാണെന്നും കൗൺസിലർമാർ പറഞ്ഞു.
അതേസമയം, നഗരസഭയുടെ രേഖകളിൽ ഇവ പൊളിച്ചു മാറ്റിയതായി രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നോട്ടീസ് നൽകുന്നതെന്ന് റവന്യു വിഭാഗം വ്യക്തമാക്കി. പൊളിച്ചു മാറ്റിയത് സംബന്ധിച്ച കത്ത് നഗരസയുടെ റജിസ്റ്ററിൽ ചേർക്കാതെ പോയവർക്കായിരിക്കും നോട്ടീസ് നൽകിയിരിക്കുക. സ്വയം സാക്ഷ്യപ്പെടുത്തിയ കത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾക്കു ശേഷം കെട്ടിടം പൊളിച്ചുമാറ്റിയതു മുതലുള്ള നികുതി ഒഴിവാക്കി നൽകുന്നത് പരിഗണിക്കാമെന്ന് റവന്യു വിഭാഗം വ്യക്തമാക്കി.
നികുതി പിരിവ് ഇതുവരെ 30 ശതമാനം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഇൻകെൽ സിറ്റിയിലെ കെട്ടിങ്ങളുടെ നികുതി പിരിവ് സർക്കാർ ഉത്തരവ് പ്രകാരം തടസ്സപ്പെട്ടിട്ടുണ്ട്. 29 ലക്ഷത്തോളം രൂപയാണ് കുടിശ്ശികയുള്ളത്. ഇവ നഗരസഭയുടെ നികുതി ഡിമാൻഡിൽ നിന്ന് ഒഴിവാക്കണമെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി ആവശ്യപ്പെട്ടു. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് യോഗം 13ന് ചേരാനും വികസന സെമിനാർ 20ന് നടത്താനും കൗൺസിൽ യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |