തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ മാനസിക ആരോഗ്യപ്രശ്‌നങ്ങൾക്ക് എസ്.സി.ഇ.ആർ.ടി നിർദ്ദേശിച്ച പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കുട്ടികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് അവരുമായി ഇടപെടുന്ന മുതിർന്നവരെക്കൂടി ഭാഗഭാക്കാക്കി വേണം പരിഹാരമുണ്ടാക്കേണ്ടത്. എല്ലാ സ്കൂളുകളിലും ഇപ്പോൾ കൗൺസലർമാരില്ല. അദ്ധ്യാപകരെ പ്രാഥമിക കൗൺസിലർമാരാക്കും.
അനുവാദം വാങ്ങാതെ വൻ ഫീസ് ഈടാക്കിയും വിദ്യാഭ്യാസ നിയമങ്ങൾ പാലിക്കാതെയും നടത്തുന്ന നിരവധി സ്‌കൂളുകളെക്കുറിച്ച് വിവരം കിട്ടി. ഇവർക്കെതിരേ കർശന നടപടിയെടുക്കും. വിദ്യാർത്ഥിയുടെ ആത്മഹത്യയുണ്ടായ എറണാകുളം ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻ.ഒ.സി. ലഭിച്ചിട്ടില്ല. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്നും മുഹമ്മദ് മുഹ്‌സിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
സ്കൂൾ പാചക തൊഴിലാളികൾക്ക്
അപകട ഇൻഷ്വറൻസ്
തിരുവനന്തപുരം: സ്കൂൾ പാചക തൊഴിലാളികൾക്ക് അപകട ഇൻഷ്വറൻസ് ഏർപ്പെടുത്താനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ പരിശോധനയിലെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ. ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ഇ.എസ്.ഐ, ഇ.പി.എഫ് പദ്ധതികളിൽ ഉൾപ്പെടുത്താനുമുള്ള ആവശ്യം പരിശോധിക്കുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി ചെലവിൽ 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് നൽകുന്നത്. 20 പ്രവൃത്തിദിനങ്ങൾക്കായി ഒരു തൊഴിലാളിക്ക് പ്രതിമാസം 12000 രൂപ മുതൽ 13500 രൂപവരെ നൽകുന്നു. പ്രതിവർഷം സർക്കാരിന് 160 കോടിയുടെ അധികബാദ്ധ്യതയുണ്ടെന്നും വി.ആർ.സുനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |