തെറ്റുതിരുത്തൽ പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന് ആക്ഷേപം
തിരുവനന്തപുരം:സി.പി.എമ്മിന്റെ പതിനാല് ജില്ലാ സമ്മേളനങ്ങളും പൂർത്തിയായതോടെ, മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം. സർക്കാരിനും പൊലീസിനുമെതിരെ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന
സമ്മേളനത്തിൽ ശക്തമായി പ്രതിഫലിച്ചേക്കും. ആലപ്പുഴയിലും തൃശൂരിലും കണ്ണൂരിലും കൊല്ലത്തും ഉൾപ്പെടെ ഇടതു കോട്ടകളിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളുടെ വോട്ടുകൾ കഴിഞ്ഞ പാർലമെന്റ്
തിരഞ്ഞെടുപ്പിൽ ചോർന്നത് ജില്ലാ സമ്മേളനങ്ങളിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.
ബി.ജെ.പിയുടെ വളർച്ചയും പാർട്ടി വോട്ടുകളുടെ ചോർച്ചയും തടയാനായില്ല. ഫലപ്രദമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അമിതമായ ന്യൂനപക്ഷ പ്രീണന നയം തിരിച്ചടിച്ചെന്നുമുള്ള ആക്ഷേപം സംസ്ഥാന സമ്മേളനത്തിലും ഉയർന്നേക്കും.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം, ഈഴവ വോട്ടുകൾ ചോർന്നതിന്റെ ഉത്തരവാദിത്വം എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന് മേൽ ചാരി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ കടന്നാക്രമണം സമുദായത്തിൽ മാത്രമല്ല, പാർട്ടിയിലും അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു.പിന്നീട്,അതിൽനിന്ന് പിന്മാറേണ്ടി വന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ഉൾക്കൊണ്ട് പാർട്ടിയിലെയും സർക്കാരിലെയും തെറ്റുകൾ തിരുത്തി കൂടുതൽ ജനാഭിമുഖ്യത്തോടെ മുന്നോട്ട് പോകുമെന്ന പ്രഖ്യാപനം എത്ര മാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്കും,
സംസ്ഥാന സെക്രട്ടറിക്കും മറുപടി നൽകേണ്ടി വരും.
ഗോവിന്ദൻ തുടരും
സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ തിരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനെ തുടർന്നാണ് ഗോവിന്ദൻ സെക്രട്ടറിയായത്.
സ്വകാര്യ സർവകലാശാല: വിമർശനം
സർക്കാരിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി
കുന്നംകുളം: സ്വകാര്യ സർവകലാശാല സംബന്ധിച്ച് ആര് വിമർശിച്ചാലും അത് എൽ.ഡി.എഫിനെയും സർക്കാരിനെയും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനെ വിമർശിക്കാൻ എന്തോ ഒന്ന് കിട്ടിപ്പോയിയെന്ന തരത്തിലാണ് ചിലർ ഇറങ്ങിയിരിക്കുന്നത്. മറ്റ് 26 സംസ്ഥാനങ്ങളിൽ സ്വകാര്യ സർവകലാശാലകളുണ്ട്. പിന്നെന്തു കൊണ്ട് കേരളത്തിൽ ആയിക്കൂടെന്ന ചോദ്യം ഉയർന്നതോടെയാണ് അതനുവദിക്കാൻ തീരുമാനമെടുത്തത്. കച്ചവടത്തിന് അവസരമുണ്ടാക്കി കൊടുക്കലല്ല സ്വകാര്യ സർവകലാശാല വഴി നൽകുന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് റിസർവേഷൻ, ഫീസ് നിരക്ക്, പൊതുവായ റിസർവേഷൻ എന്നിവയിലെല്ലാം വ്യക്തമായ തീരുമാനമെടുത്തേ സ്വകാര്യ സർവകലാശാല അനുവദിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |