തിരുവനന്തപുരം: കേരളത്തിന് കളങ്കമായി മാറിയ ദുരഭിമാനക്കൊലക്കേസിലെ പ്രതികൾക്കെല്ലാം ഇരട്ട ജീവപര്യന്തം ശിക്ഷ നൽകി ശക്തമായ താക്കീതാണ് കോടതി നൽകിയത്. മലങ്കര കാത്തലിക് വിഭാഗത്തിൽപ്പെട്ട നീനു ചാക്കോയെ പ്രണയിച്ച് വിവാഹം ചെയ്ത, ദളിത് ക്രിസ്‌ത്യനായ നട്ടാശേരി പ്ലാത്തറ കെവിൻജോസഫിനെ സിനിമാസ്റ്റൈലിൽ തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. കേസിൽ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുണ്ടായിരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യ നീനുവും പിതാവ് ചാക്കോയും പരാതി നൽകിയിട്ടും, പ്രതികളുമായി ഒത്തുകളിച്ച് കൊലയ്ക്ക് കളമൊരുക്കിയെന്ന ഗുരുതരമായ ആരോപണമാണ് ഗാന്ധിനഗർ പൊലീസിനെതിരേ ഉയർന്നതെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എല്ലാം ഒതുക്കപ്പെട്ടു. ഗുരുതരമായ വീഴ്ചവരുത്തിയ എസ്.ഐ എം.എസ്. ഷിബുവിനെ പിരിച്ചുവിടാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ മേയിൽ സർവീസിൽ തിരിച്ചെടുത്തു. കെവിനെ തട്ടിക്കൊണ്ടുപോകാൻ മൂന്നു കാറുകളിലെത്തിയ സംഘത്തെ കോട്ടയത്തുവച്ച് പൊലീസ് പട്രോളിംഗ് സംഘം കസ്റ്റഡിയിലെടുത്തെങ്കിലും കല്യാണവീട്ടിലേക്കുള്ള വഴിതെറ്റി വന്നതാണെന്ന കള്ളം ശരിവച്ച് വിട്ടയച്ചു. പൊലീസ് വിട്ടയച്ച ശേഷമാണ് പുലർച്ചെ മൂന്നു മണിയോടെ കെവിന്റെ ബന്ധുവീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ സംഘം കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയത്. കെവിന്റെ ഭാര്യ നീനു ഇവരുടെ കാറുകളുടെ നമ്പരുകൾ കൈമാറിയപ്പോഴാണ് അർദ്ധരാത്രി കസ്റ്റഡിയിലെടുത്തവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പട്രോളിംഗ് സംഘം പണം വാങ്ങിയാണ് ഇവരെ വിട്ടയച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
കൊലയ്ക്കെത്തിയ സംഘത്തിന് കെവിനും സുഹൃത്ത് അനീഷും താമസിച്ചിരുന്ന മാന്നാനത്തെ വീട് കാട്ടിക്കൊടുത്തത് എ.എസ്.ഐയായിരുന്നു. അക്രമിസംഘം കഴുത്തിൽ വടിവാൾ വച്ച് കെവിനെയും അനീഷിനെയും വാഹനത്തിൽ കയറ്റുന്നത് എ.എസ്.ഐ കണ്ടുനിന്നു. ബഹളമുണ്ടാക്കിയ നാട്ടുകാരെ ശാന്തരാക്കി, വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്തശേഷം അക്രമിസംഘത്തെ പുറത്തേക്ക് പോകാൻ അനുവദിച്ചതും ഈ ഉദ്യോഗസ്ഥനായിരുന്നു. മുഖ്യപ്രതിയായ ഷാനു ചാക്കോയിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ അഡി. എസ്.ഐ ബിജുവിനെ പിന്നീട് പിരിച്ചുവിട്ടു. കെവിനെ തട്ടിക്കൊണ്ടുപോയ, ഷാനുവിന്റെ സംഘത്തിലുള്ളവരോട് എസ്.ഐ ഷിബു ഫോണിൽ സംസാരിച്ച് ഒത്തുതീർപ്പിനാണ് ശ്രമിച്ചത്. സംഘം തെന്മലയിലുണ്ടെന്നും ഉടൻ സ്റ്റേഷനിലെത്തുമെന്നും കെവിന്റെ ബന്ധുക്കളെ എസ്.ഐ അറിയിച്ചിരുന്നു. കോട്ടയം മുതൽ തെന്മല വരെ പാതയോരത്ത് പത്ത് സ്റ്റേഷനുകളും 33 പട്രോളിംഗ് വാഹനങ്ങളുമുണ്ടായിരുന്നു. പൊലീസ് കൃത്യസമയത്ത് ഇടപെട്ടെങ്കിൽ മൂന്നു വാഹനങ്ങളിൽ സഞ്ചരിച്ച അക്രമിസംഘത്തെ കണ്ടെത്താനും കെവിന്റെ ജീവൻ രക്ഷിക്കാനുമായേനെ.
നിലയ്ക്കാത്ത ദുരഭിമാനക്കൊലകൾ
ആതിര
പട്ടികജാതിക്കാരനായ യുവാവിനെ പ്രണയിച്ച മലപ്പുറം അരീക്കോട് പൂവത്തികണ്ടി ആതിരയെ (22) വിവാഹത്തലേന്ന് പിതാവ് രാജനാണ് കുത്തിക്കൊലപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കൽകോളേജിലെ പാരാമെഡിക്കൽ ജീവനക്കാരിയായിരുന്നു ആതിര. കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല.
അമിത് നായർ
ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ചുള്ള പ്രണയവിവാഹത്തിന്റെ പേരിൽ ജയ്‌പൂരിലെ മലയാളി എൻജിനിയർ പത്തനംതിട്ട മണ്ണടി വടക്കേക്കരപുത്തൻവീട്ടിൽ അമിത് നായരെ (28) ഭാര്യ മംമ്തയുടെ വീട്ടുകാരാണ് രാജസ്ഥാനിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്.
ബാലകൃഷ്‌ണൻ
ഉപ്പളയിലെ മുസ്ലിം യുവതിയെ പ്രണയിച്ച് വിവാഹംചെയ്തതിനാണ് കാസർകോട്ടെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ബാലകൃഷ്‌ണനെ (29) 2001 സെപ്തംബറിൽ കൊലപ്പെടുത്തിയത്. ദുരഭിമാനം കാരണം യുവതിയുടെ വീട്ടുകാരുടെ ക്വട്ടേഷനാണെന്ന് സി.ബി.ഐയാണ് കണ്ടെത്തിയത്. രണ്ട് പ്രതികൾക്ക് സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |