കോട്ടയം: സർക്കാർ നഴ്‌സിംഗ് കോളേജിൽ റാഗിംഗ് നടത്തിയ അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് പിടിയിലായത്. പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
അദ്ധ്യയന വർഷം തുടങ്ങിയതുമുതൽ റാഗിംഗും തുടങ്ങി. തിരുവനന്തപുരം സ്വദേശികളായ ആറ് പേരെയാണ് പ്രതികൾ അതിക്രൂരമായ രീതിയിൽ പീഡിപ്പിച്ചത്. കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം മുറിവുണ്ടാക്കി. ഈ മുറിവുകളിൽ ലോഷൻ ഒഴിച്ചു. നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി.
ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് സംഭവം നടന്നത്. റാഗിംഗിന് വിധേയമാകുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നിർബന്ധിച്ച് മദ്യം നൽകും. ശേഷം അതിന്റെ വീഡിയോ പകർത്തും. റാഗിംഗിന്റെ കാര്യം പുറത്തുപറഞ്ഞാൽ പഠനം പോലും നിന്നുപോകുമെന്ന് പറഞ്ഞ് പേടിപ്പിക്കും.
സീനിയർ വിദ്യാർത്ഥികൾ മദ്യപിക്കാനായി ജൂനിയേഴ്സിൽ നിന്ന് പണം പിരിച്ചതായും പരാതിയുണ്ട്. പരാതിക്കാരായ വിദ്യാർത്ഥികളിൽ ഒരാളോട് പ്രതികൾ തിങ്കളാഴ്ച പണം ആവശ്യപ്പെട്ടിരുന്നു. ഇത് കൊടുക്കാൻ സാധിക്കാതായതോടെ അതിക്രൂരമായി പീഡിപ്പിച്ചു. വിദ്യാർത്ഥി ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചു. അവരാണ് പൊലീസിൽ പരാതി നൽകാൻ പറഞ്ഞത്. തുടർന്ന് വിദ്യാർത്ഥികൾ പരാതിയുമായി ഗാന്ധിനഗർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കോളേജിൽ നിന്ന് അഞ്ച് പേരെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |