ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബി.ജെ.പി നേതൃത്വം. ശനിയാഴ്ചയോടെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നറിയുന്നു. 16ന് ഞായറാഴ്ച 48 എം.എൽ.എമാരുടെ ആദ്യ നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. മുഖ്യമന്ത്രിക്കൊപ്പം ഏഴ് മന്ത്രിമാരും ചുമതലയേൽക്കും.ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മ, ഡൽഹി എംപിമാരായ ഹർഷ് മൽഹോത്ര,മനോജ് തിവാരി, ബാൻസുരി സ്വരാജ് എന്നിവരാണ് മുഖ്യമന്ത്രി സാദ്ധ്യതാ പട്ടികയിൽ.
ആദ്യ നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ദേശീയ നേതൃത്വത്തിലെ രണ്ട് മുതിർന്ന നേതാക്കളുണ്ടാകും.ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങൾക്ക് ഒന്ന് എന്ന തോതിലാകും മന്ത്രിമാർ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടെത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സംഘടനാ ജനറൽ സെക്രട്ടറി ബി. എൽ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. 22 മണ്ഡലങ്ങളിലെ പരാജയം വിശകലനം ചെയ്യുന്നതിനായി ഇന്നലെ വിവിധ കമ്മിറ്റികളുടെ നേതൃത്തിൽ വിശദമായ ചർച്ച നടന്നു. ജയിച്ച 48 എം.എൽ.എമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |