കോട്ടയം : ഗവ.നഴ്‌സിംഗ് കോളേജ് പരിസരം രണ്ടാംദിനവും സംഘർഷഭൂമി. ക്രൂരമായി റാഗിംഗിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിവിധ സംഘടനകളാണ് പ്രതിഷേധവുമായെത്തുന്നത്. ഇന്നലെ ബി.ജെ.പി, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, കെ.ജി.എൻ.യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വൻപൊലീസ് സംഘമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. കോളേജ് കവാടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ എത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞത് ഉന്തുംതള്ളിനുമിടയാക്കി. പിരിഞ്ഞുപോകാൻ തയ്യാറാകാതെ വന്നതോടെ ജലപീരങ്കി പ്രയോഗിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി റ്റി.റ്റി ജിസ്‌മോൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ഷമ്മാസ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.യു അഖിൽ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജെ.ജോസഫ്, സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ബിനു ബോസ് എന്നിവർ പങ്കെടുത്തു.
ഈസമയത്താണ് ബി.ജെ.പി പ്രവർത്തകരുമെത്യതിത്. ഇവരും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. രൂക്ഷമായ വാക്കേറ്റത്തിനൊടുവിൽ പൊലീസിന് നേരെ കല്ലേറുമുണ്ടായി. ഇതോടെ ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്, മേഖല വൈസ് പ്രസിഡന്റ് ടി.എൻ ഹരികുമാർ, ജില്ലാ ട്രഷറർ ശ്രീജിത്ത് കൃഷ്ണൻ, ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ, സംസ്ഥാന സമിതി അംഗം കെ.ഗുപ്തൻ, നഗരസഭ കൗൺസിലർമാരായ വിനു ആർ.മോഹൻ, കെ.ശങ്കരൻ, ബിജു, മണ്ഡലം പ്രസിഡന്റുമാരായ സുഭാഷ്, അശ്വന്ത്, ഷാനു, ബിനീഷ്, അഭിലാഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു എന്നിവർ നേതൃത്വം നൽകി കേരള ഗവൺമെന്റ് നഴ്‌സസ് യൂണിയൻ (കെ.ജി.എൻ.യു) നടത്തിയ പ്രതിഷേധ മാർച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.യു പ്രസിഡന്റ് കെ.എസ് സന്തോഷ്, ജനറൽ സെക്രട്ടറി എസ്.എം അനസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ആശ, സംസ്ഥാന ട്രഷറർ ഇ.ജി ഷീബ, സംസ്ഥാന കമ്മിറ്റി അംഗം ജെഫിൻ പി.തങ്കച്ചൻ, സംസ്ഥാന സെക്രട്ടറി സി.കെ അമ്പിളി, ജില്ലാ പ്രസിഡന്റ് വിബിൻ ചാണ്ടി എന്നിവർ നേതൃത്വം നൽകി.
''കോളേജ് പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡൻ ചാർജ് വഹിച്ചിരുന്നയാളെയും പ്രതികളാക്കി കേസെടുക്കണം. ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും കലാലയങ്ങളിൽ സുരക്ഷിത പഠനം ഉറപ്പാക്കാനും ഉത്തരവാദപ്പെട്ട അധികാരികളെ പ്രതികളാക്കണം. സംസ്ഥാന സർക്കാർ ഇരുവർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തെങ്കിലും അത് താത്കാലികമാണ്.
-ജി.ലിജിൻ ലാൽ, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്
''റാഗിംഗിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം ക്രൂരതകൾ ഇനി ഒരു ക്യാമ്പസിലും അരങ്ങേറരുത്.
(എ.ഐ.എസ്.എഫ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |