കോട്ടയം: അതിക്രൂര റാഗിംഗിന് വിദ്യാർത്ഥികൾ ഇരയായ സംഭവമറിഞ്ഞില്ലെന്ന കോട്ടയം ഗവ. നഴ്സിംഗ് കോളേജ് അധികൃതരുടെ വാദം പൊള്ളയാണെന്ന് പൊലീസ്. ബോയ്‌സ് ഹോസ്റ്റലിലെ 13-ാം നമ്പർ മുറിയിൽ ജൂനിയർ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദിക്കുന്നത് സഹപാഠി ഹൗസ് കീപ്പറെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല. പ്രതികൾക്ക് ഒത്താശ ചെയ്‌തെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണിത്. അതേസമയം,ഭയം കാരണമാണെന്ന നിഗമനവും പൊലീസിനുണ്ട്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു മറുപടി.
പണപ്പിരിവിനെച്ചൊല്ലി ആറുമാസം മുൻപ് തർക്കമുണ്ടായപ്പോൾ രണ്ടാംവർഷ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇത് സംഘടനയിൽപ്പെട്ട ജീവനക്കാരാണ് ഒതുക്കിത്തീർത്തത്. അതേസമയം,പൊലീസുകാർ സമ്മർദ്ദം ചെലുത്തിയതോടെയാണ് കഴിഞ്ഞ ദിവസം നാലുപേർ കൂടി പരാതി നൽകിയത്. കൂടുതൽ വിവരങ്ങൾ തേടാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കത്തി മുതൽ
കരിങ്കല്ല് വരെ
പ്രതികളായ സീനിയർ വിദ്യാർത്ഥികളുടെ മുറിയിൽ നടത്തിയ പരിശോധനയിൽ കത്തി,കോമ്പസ്,ഡമ്പൽ,കരിങ്കല്ല് തുടങ്ങിയവ ലഭിച്ചു. ഹോസ്റ്റലിന് പുറത്തും പ്രതികൾ അക്രമം നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ കൂടുതൽ വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുക്കും. ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുന്ന പ്രതികളുടെ ഫോണുകളിൽ നിന്ന് നിർണായക തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |