പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ ഇതിനകം പങ്കെടുത്തത് 53 കോടിയിലേറെപ്പേർ. ഇത്രയും പേർ പ്രയാഗ്‌രാജിൽ സ്‌നാനം ചെയ്‌തിട്ടും പകർച്ചവ്യാധിയോ മറ്റ് കടുത്ത ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായില്ലെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ആണവ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള മലിനജല സംസ്കരണത്തിലൂടെയാണ് ഇത് സാദ്ധ്യമായത്.
ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച് റിയാക്ടർ (hgSBR) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മലിനജല സംസ്‌കരണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആണവോർജ്ജ വകുപ്പിന് കീഴിലുള്ള മുംബയ് ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC), കല്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) എന്നിവ ചേർന്നാണ് മലിനജല സംസ്‌കരണ പ്ലാന്റുകൾ നിർമ്മിച്ചത്.
ഫെക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നാണ് പേര്. പ്ലാന്റിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചത് ആണവോർജ വകുപ്പിലെ ഡോ. വെങ്കട്ട് നഞ്ചരയ്യയാണ്. സൂക്ഷ്മാണുക്കളെ ഉപയോഗിച്ചാണ് മലിനജലം ശുദ്ധീകരിക്കുന്നത്. ഒരു പ്ളാന്റിന് ദിവസം 1.5 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ കഴിയും. പ്ലാന്റ് സ്ഥാപിക്കാൻ അധികസ്ഥലം ആവശ്യമില്ല. ചെലവും കുറവാണ്.
1.5 ലക്ഷം ടോയ്ലറ്റ്
മുമ്പ് കുംഭമേള സമയത്ത് കോളറയുൾപ്പെടെ പടർന്നുപിടിച്ചിരുന്നു. ഇത്തവണ പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
യു.പി സർക്കാർ 1.5 ലക്ഷം ടോയ്ലറ്റുകളാണ് നിർമ്മിച്ചത്. 11 സ്ഥിരം മലിനജല സംസ്‌കരണ പ്ലാന്റുകളും മൂന്ന് താത്കാലിക പ്ലാന്റുകളും പ്രയാഗ്‌രാജിൽ സ്ഥാപിച്ചു
ശുദ്ധജല വിതരണത്തിന് 2000 ഓട്ടോമാറ്റിക് ഡിസ്‌പെൻസിഗ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്
ആകെ 40 കോടി ഭക്തരെ പ്രതീക്ഷിച്ചിരുന്നിടത്താണ് സ്നാനം ചെയ്തവരുടെ എണ്ണം 50 കോടി കവിഞ്ഞത്
ഫെബ്രുവരി 26വരെയാണ് മേള. 4000 ഹെക്ടറാണ് കുംഭമേള നടക്കുന്ന ഗംഗാതീരത്തിന്റെ വിസ്തൃതി
കുംഭമേളയിൽ വീണ്ടും തീപിടിത്തം ആളപായമില്ല
ന്യൂഡൽഹി : പ്രയാഗ്‌രാജ് മഹാകുംഭമേള മേഖലയിലെ രണ്ടിടങ്ങളിൽ ഇന്നലെ തീപിടിത്തമുണ്ടായി. ആർക്കും പരിക്കില്ല. സെക്‌ടർ എട്ടിലെ കപിമാനസ് മണ്ഡൽ, കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിറ്റി എന്നീ ടെന്റുകളിലാണ് തീ കണ്ടത്. അഗ്നിശമന സേനയും പൊലിസും ഭക്തരും ചേർന്ന് തീയണച്ചു. കുംഭമേളയ്‌ക്കിടെ നാലുതവണ നേരത്തെ തീപിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. അതേസമയം, ജനുവരി 13ന് ആരംഭിച്ച കുംഭമേളയിൽ ഇതുവരെ പുണ്യസ്‌നാനം ചെയ്‌തവരുടെ എണ്ണം 53 കോടി കടന്നംന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |