നെടുമങ്ങാട് : കോട്ടയത്ത് നഴ്‌സിംഗ് കോളേജിൽ വിദ്യാർത്ഥിയെ ക്രൂരമായ റാഗിംഗിന് ഇരയാക്കിയതറിഞ്ഞ് പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ അമ്മ ഷീബ ഫേസ്ബുക്കിൽ കുറിച്ചു : 'എന്റെ കുഞ്ഞും അവന്റെ വിലയേറിയ യൗവ്വനം രാജ്യത്തിന് നൽകി, ആ കോളേജിലെ മറ്റു കുട്ടികളെ കുറച്ചു നരഭോജികളിൽ നിന്ന് രക്ഷിച്ചു. ലോകത്തിന് മുന്നിൽ അവന്മാരുടെ മുഖങ്ങൾ തുറന്നുകാട്ടി. അഭിമാനം.. തോറ്റു കൊടുക്കാൻ തയ്യാറായില്ല.."
പൈശാചിക മർദ്ദനത്തിനിരയായി മകൻ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുമ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഷീബ ചോദ്യശരങ്ങൾ തൊടുക്കുകയാണ്.
# ''ദിവസവും ക്‌ളാസിൽ വരുന്ന അദ്ധ്യാപകരോട് പരാതി പറയാൻ ജൂനിയർ വിദ്യാർത്ഥികൾ പേടിക്കുന്നതിന് കാരണമെന്താണ് ?
# സീനിയേഴ്‌സും അദ്ധ്യാപകരും തമ്മിൽ അതിനു മാത്രം എന്തു ബന്ധമാണുള്ളത് ?
# സീനിയേഴ്സിന്റെ എന്ത് സഹായമാണ് അദ്ധ്യാപകർക്ക് ലഭിക്കുന്നത് ?
# അതോ അദ്ധ്യാപകർ തിരിച്ചാണോ സഹായം ചെയ്തു കൊടുക്കുന്നത് ?
നമ്മുടെ കുട്ടികളെ ഏല്പിച്ചു പോരുന്നത് കാലന്മാരുടെ കൈകളിൽ ആകരുത്...റാംഗിംഗ് ചെയ്യുന്ന കുട്ടികൾക്കുള്ള ശിക്ഷ ഈ അദ്ധ്യാപകർക്കും കൊടുക്കണം. ഓരോ കുടുംബത്തിലെ പ്രതീക്ഷകൾ നഷ്ടമാകുമ്പോൾ... ആ അമ്മയുടെ വാക്കുകൾക്ക് മൂർച്ച കൂടുകയാണ്.
.വെറ്റിറിനറി കോളേജിൽ ഡോക്ടർ പഠനത്തിന് ചേർന്നിട്ട് ഒരു വർഷവും മൂന്ന് മാസവും ആയിട്ടേ ഉണ്ടായിരുന്നുള്ളു.നിങ്ങൾ അടിച്ചു കൊന്നത് കേവലം ഒരു സിദ്ധാർത്ഥനെയല്ല, സമൂഹത്തിന്റെ അടിത്തട്ടിൽ ചവിട്ടിമെതിക്കപ്പെടുന്ന പാവപ്പെട്ടവന്റെ സ്വപ്നങ്ങളെയാണ്...
അവർക്കും ഞാൻ
അന്നം വിളമ്പി !
കോളേജ് സ്‌പെഷ്യൽ ഡേ പരിപാടികളെല്ലാം കണ്ടക്ട് ചെയ്യുന്നത് അവനായിരുന്നു. മറ്റു ജില്ലക്കാരായ സഹപാഠികളെയും കൂട്ടി ഇടയ്ക്ക് വീട്ടിൽ വരും. ആന്റീ ..ആന്റീ ..എന്ന് വിളിച്ച് കൂട്ടുകാർ എന്നെ പൊതിഞ്ഞു നിൽക്കും. മോനൊപ്പം അവർക്കും എത്രയോവട്ടം അന്നം വിളമ്പി.
മൂന്നു ദിവസം തൊണ്ട നനയ്ക്കാൻ ഒരിറ്റ് വെള്ളം പോലും കൊടുക്കാതെ അതിക്രൂരമായി മോനെ കൊന്നവരിൽ ഉറ്റ കൂട്ടുകാരുമുണ്ടായിരുന്നു.."ഷീബയുടെ കണ്ഠമിടറി.
സി.ബി.ഐ കോടതിയിൽ 19 ന് വിചാരണ തുടങ്ങാനിരിക്കെ,കുറ്റപത്രത്തിൽ ഉൾപ്പെട്ട 18 വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്യപ്പെട്ട കോളേജ് ഡീനിനെയും അസി.വാർഡനെയും രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഒരുവിഭാഗം. നീതി നിഷേധത്തിനെതിരെ കുടുംബത്തിനു സഹായഹസ്തവുമായി നാട് ഒപ്പമുണ്ട്.
ഒന്നാം വാർഷിക
അനുസ്മരണം ഇന്ന്
ഇന്ന് വൈകിട്ട് 5 ന് സിദ്ധാർത്ഥന്റെ സ്മൃതികുടീരത്തിന് സമീപമുള്ള കുറക്കോട് വിനോദ് നഗറിൽ ഒന്നാം വാർഷിക അനുസ്‌മരണം സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ പങ്കെടുക്കും.മൺപാത്ര നിർമ്മാണ സഭ ജില്ലാ പ്രസിഡന്റ് അനീഷ് വെമ്പായം,സെക്രട്ടറി ബിനു കുറക്കോട്,ശാഖാ പ്രസിഡന്റ് വിനോദ് എന്നിവർ നേതൃത്വം നൽകും.
കേരള മൺപാത്ര നിർമ്മാണ സമുദായ സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചുൾപ്പടെ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |