തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണർക്ക് അമിതാധികാരം നൽകുന്ന യു.ജി.സിയുടെ കരടുനയത്തിനെതിരായ സർക്കാരിന്റെ ദേശീയ കൺവെൻഷൻ 20ന്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയാവും. ഉന്നതവിദ്യാഭ്യാസ മന്ത്രിമാരായ ഡോ. എം.സി. സുധാകർ (കർണാടകം), ഡോ. ഗോവി ചെഴിയാൻ (തമിഴ്നാട്), ഹർജോത് സിംഗ് ബെയ്‌ൻസ് (പഞ്ചാബ്), തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധർ ബാബു എന്നിവർ വിശിഷ്ടാതിഥികളാവും. മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 1200പേർ പങ്കെടുക്കും.
മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേശ്കുമാർ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ എന്നിവർ പ്രസംഗിക്കും. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പ്രതിനിധികളുണ്ടാവും.
പണം മുടക്കാൻ സംസ്ഥാന സർക്കാരും നേട്ടം കൊയ്യാൻ കേന്ദ്രസർക്കാരും എന്ന സമീപനത്തെ പിന്തുണയ്ക്കുന്നതാണ് യു.ജി.സി കരടുനയം. അമിതാധികാര കേന്ദ്രീകരണ സമീപനത്തോടുകൂടിയ കേന്ദ്രസർക്കാരിന്റെയും യു.ജി.സിയുടെയും ഇടപെടലിനെ പ്രതിരോധിക്കാനുള്ള ദേശീയ പ്രതികരണവേദിയാണിതെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ജി.സി നയത്തെ നിയമപരമായി നേരിടും. സർക്കാരിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ അധികാരത്തിലെത്താനുള്ള കുറുക്കുവഴിയെന്ന നിലയിൽ സർവകലാശാലകളെ ഉപയോഗപ്പെടുത്താനാണ് ശ്രമം. അക്കാഡമിഷ്യന്മാരല്ലാത്തവർ വി.സിയായാൽ ഗുണനിലവാരം ഇല്ലാതാവുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |