തിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നതു തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 21ന് കൊച്ചിയിൽ തുടങ്ങുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിൽ പ്രതിപക്ഷം പങ്കെടുക്കും.
സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാർത്ഥ്യബോധമില്ലാത്ത കണക്കുകൾ ആവർത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മൂന്ന് വർഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരംഭങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കണം. ഇതിന്റെ പൂർണപട്ടിക പുറത്തുവിടണം. ഉത്തരം മുട്ടിയപ്പോൾ പ്രതിപക്ഷം വികസന വിരോധികളെന്ന നറേറ്റീവ് ഉണ്ടാക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചത് സി.പി.എമ്മിന്റെ തൻപോരിമയും നേതാക്കളുടെ ഈഗോയുമാണെന്നതിന് തെളിവുകൾ കേരള സമൂഹത്തിന് മുന്നിലുണ്ട്.
വ്യവസായ വകുപ്പ് പഞ്ചായത്ത് തലത്തിൽ പാർട്ടി പ്രവർത്തകരെ കോ-ഓർഡിനേറ്റർമാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിച്ച് സർക്കാരിന്റെ കണക്കിൽപ്പെടുത്തുകയല്ലേ ചെയ്തത്? പിണറായി മുഖ്യമന്ത്രിയും പി. രാജീവ് വ്യവസായ മന്ത്രിയും ആയതിനു ശേഷമാണോ കേരളത്തിൽ പച്ചക്കറി, പലചരക്ക് കടയും ബേക്കറിയും ബാർബർ ഷോപ്പും ഐസ്‌ക്രീം പാർലറുമൊക്കെ തുടങ്ങിയത്? പാവപ്പെട്ടവർ ലോണെടുത്തു തുടങ്ങിയ സംരംഭങ്ങളെല്ലാം സർക്കാരിന്റെ കണക്കിൽ ചേർക്കുന്നതും അതിന്റെ പേരിൽ മേനിനടിക്കുന്നതും അപഹാസ്യമല്ലേ? വ്യവസായ മന്ത്രി സ്വയം പരിഹാസ പാത്രമായിമാറരുതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |