കോട്ടയം: ഗവ. നഴ്സിംഗ് കോളേജ് റാഗിംഗ് കേസ് പ്രതികളെ ഇന്നലെ വീണ്ടും ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതിവേഗ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമാണിത്.
പ്രതികളായ കെ.പി. രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻ.എസ്. ജീവ, സി. റിജിൽ ജിത്ത്, എൻ.വി. വിവേക് എന്നിവരെ കോളേജ് ഹോസ്റ്റലിൽ രഹസ്യമായാണ് എത്തിച്ചത്. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകൾ സമരം തുടരുന്നതിനിടെ കനത്ത സുരക്ഷയിൽ പെട്ടെന്ന് തെളിവെടുപ്പ് നടത്തി. റാഗിംഗ് രീതികൾ പ്രതികൾ പൊലീസിനോട് വിശദീകരിച്ചു. കുത്താനുപയോഗിച്ച ഡിവൈഡറുകൾ, ജനനേന്ദ്രിയ ഭാഗത്ത് അടുക്കിവച്ച ഡംബൽ, വായിലും ശരീരത്തിലും ഒഴിച്ച ലോഷൻ, ക്രീം തുടങ്ങിയവ കണ്ടെടുത്തു. പീഡനത്തിനിരയായവരിൽ നിന്ന് ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതിനെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരം അറിയാനാകു എന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ പ്രതികളെ കോട്ടയം സബ് ജയിലിൽ എത്തിച്ചു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത് പൊലീസ് വൈകിപ്പിച്ചു. മൊഴി പറയേണ്ട വിധം പഠിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിൽ സംശയമുണ്ട്. എഫ്.ഐ.ആറിൽ 2014 എന്നാക്കിയത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ്.
-തിരുവഞ്ചൂർ രാധാകൃഷ്ണൻ
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |