ചെന്നൈ: സിനിമാ,സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വീടു നിർമ്മിക്കുന്നതിനായി കോടമ്പാക്കത്തിനടുത്ത് 90 ഏക്കർ ഭൂമി സർക്കാർ 99 വർഷത്തെ പാട്ടത്തിനു വിട്ടുകൊടുത്തു. തമിഴ്നാട്ടിലെ ചലച്ചിത്രമേഖലയിലെ വിവിധ സംഘടകളുടെ ദീർഘകാലമായ ആവശ്യമാണ് ഉപമുഖ്യമന്ത്രിയും ചലച്ചിത്രതാരവുമായ ഉദയനിധി സ്റ്റാലിൻ സാദ്ധ്യമാക്കിയത്.
2010ൽ എം.കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ ഇതേസ്ഥലം സിനിമാ പ്രവർത്തകർക്ക് വീട് വയ്ക്കുന്നതിനായി അനുവദിച്ചിരുന്നു. മൂന്നു വർഷത്തിനുള്ളിൽ വീടുകൾ നിർമ്മിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ പ്രകാരം വീടു നിർമ്മാണം നടക്കാതെ വന്നപ്പോൾ സർക്കാർ ഭൂമി തിരിച്ചെടുത്തിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇടപെട്ട് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഭൂമി നിൽകിയിരിക്കുന്നത്. ഗുണഭോക്താക്കൾ 1000 രൂപയാണ് വാർഷിക പാട്ടമായി നൽകേണ്ടത്. 40,000 കലാകാരന്മാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പദ്ധതി വിശദമാക്കിക്കൊണ്ട് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. 90 ഏക്കർ ഭൂമിയുടെ നിലവിലെ വിപണി മൂല്യം 180 കോടിയാണ്.
സൗത്ത് ഇന്ത്യൻ ഫിലിം വർക്കേഴ്സ് ഫെഡറേഷൻ,തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ,സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ,തമിഴ്നാട് സ്‌മോൾ സ്‌ക്രീൻ ആക്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾക്ക് സർക്കാർ ഉത്തരവിന്റെ കോപ്പി ഉപമുഖ്യമന്ത്രി ഇന്നലെ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |