മലപ്പുറം: മൂത്തേടത്ത് സെപ്‌റ്റിക് ടാങ്കിനുള്ളിൽ ഇന്ന് മരിച്ചനിലയിൽ കണ്ടെത്തിയ കാട്ടാനയുടെ മരണകാരണം വെടിയേറ്റെന്ന് വിവരം. പോസ്റ്റ്‌മോർട്ടത്തിൽ ആനയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. ഇതോടെയാണ് മരണകാരണം വെടിയേറ്റെന്ന് സ്ഥിരീകരിച്ചത്. ചോളമുണ്ടയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലുള്ള കുഴിയിലാണ് ആനയുടെ മൃതദേഹം കണ്ടത്. സ്ഥലമുടമ കൃഷിയിടത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ശുചിമുറി നിർമ്മിക്കാനെടുത്ത നാലടി വീതിയിലുള്ള സെപ്‌റ്റിക് ടാങ്കിലാണ് ആന വീണത്.
ആനയുടെ ശരീരത്തിൽ നിന്ന് കിട്ടിയ വെടിയുണ്ട ബാലസ്റ്റിക് പരിശോധനയ്‌ക്ക് അയക്കും. പൂർണ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ല. സ്ഥലത്ത് സ്ഥിരമായിറങ്ങുന്ന നീണ്ടുവളഞ്ഞ കൊമ്പുള്ള ഈ ആനയെ പ്രദേശവാസികൾ കസേര കൊമ്പൻ എന്നാണ് വിളിക്കാറ്. പ്രദേശവാസികൾക്ക് അധികം ഉപദ്രവമുണ്ടാക്കാത്ത കാട്ടാനയാണ് കസേര കൊമ്പൻ എന്നാണ് വിവരം. ഹൃദയസ്‌തംഭനമാണ് മരണകാരണം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |